തിരുവനന്തപുരം: കെ റെയില്‍ സംവാദത്തില്‍ നിന്ന് പിന്‍മാറി അലോക് വര്‍മ്മയും ശ്രീധര്‍ രാധാകൃഷ്‌ണനും. കെ റെയിലുമായുള്ള അഭിപ്രായ വ്യത്യാസത്തിന്‍റെ പേരിലാണ് ഇരുവരും പിന്‍മാറുന്നത്. സംസ്ഥാന സര്‍ക്കാറാണ് സംവാദം നടത്തേണ്ടത്. എന്നാല്‍, തന്നെ ക്ഷണിച്ചിരിക്കുന്നത് കെ റെയിലാണെന്നും കൂടാതെ ക്ഷണക്കത്തില്‍ പദ്ധതിയെ പുകഴ്ത്തിയുള്ള പരാമര്‍ശങ്ങള്‍ ഉള്ളതിലും അലോക് വര്‍മ്മ എതിര്‍പ്പറിയിച്ചിരുന്നു.
ഇത് മാറ്റിയാല്‍ മാത്രമേ സംവാദത്തില്‍ പങ്കെടുക്കുകയുള്ളൂവെന്നാണ് അലോക് വർമ്മ ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി ചീഫ് സെക്രട്ടറി വിപി ജോയിക്ക് കത്ത് നല്‍കിയിരുന്നു. ഉച്ചയ്‌ക്ക് മുൻപ് സര്‍ക്കാര്‍ പുതിയ ക്ഷണക്കത്ത് നല്‍കിയില്ലെങ്കില്‍ സംവാദത്തില്‍ നിന്നും പിന്മാറുമെന്ന് അലോക് വര്‍മ്മ പറഞ്ഞിരുന്നു. എന്നാല്‍ ഈ ഉപാധികളൊന്നും സര്‍ക്കാര്‍ അംഗീകരിച്ചില്ല.
പുതിയ ക്ഷണക്കത്ത് നല്‍കാത്ത സാഹചര്യത്തിലാണ് സംവാദത്തില്‍ നിന്നും അലോക് വര്‍മ്മ പിന്‍മാറിയത്. അലോക് വര്‍മ്മ പിന്‍മാറിയാല്‍ സംവാദത്തില്‍ പങ്കെടുക്കില്ലെന്ന് പദ്ധതിയെ എതിര്‍ക്കുന്ന പാനലിലുള്ള പരിസ്ഥിതി വിദഗ്‌ധന്‍ ശ്രീധര്‍ രാധാകൃഷ്‌ണനും നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ പദ്ധതിയെ എതിര്‍ക്കുന്നവരുടെ പാനലില്‍ ആര്‍വിജി മേനോന്‍ മാത്രമാകും പങ്കെടുക്കുക.
ഇതോടെ മറ്റ് പ്രമുഖരെ ഉള്‍പ്പെടുത്തി പാനല്‍ പരിഷ്‌കരിക്കാനാണ് കെറയില്‍ അധികൃതരുടെ ശ്രമം. നേരത്തെ നിശ്ചയിച്ചിരുന്ന പാനലില്‍ നിന്നും ജോസഫ് സി മാത്യുവിനെ ഏകപക്ഷീയമായി കെറയില്‍ അധികൃതര്‍ ഒഴിവാക്കിയിരുന്നു.