തിരുവനന്തപുരം: കത്തിപ്പാറ- ആറാട്ടുകുഴി റിംഗ് റോഡ് നിര്‍മാണം ഇഴയുന്നതായി ആക്ഷേപം. നിര്‍മാണത്തിലെ അപാകത കാരണം കത്തിപ്പാറ ശിവപുരം ക്ഷേത്രത്തിന്‍റെ മതിൽ തകർന്നതായും നാട്ടുകാര്‍ ആരോപിച്ചു. അശാസ്ത്രീയ റോഡ് നിർമ്മാണമാണ് മതില്‍ തകരാന്‍ കാരണമെന്നാണ് ആക്ഷേപം.
2017 നവംബറിലായിരുന്നു റോഡിന്‍റെ നിര്‍മാണോദ്ഘാടനം. ആറേകാൽ കോടി രൂപ മുടക്കിയാണ് അഞ്ച് കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡ് നിര്‍മിച്ചത്. കത്തിപ്പാറ, ചങ്കിലി, പന്നിമല, കൂതാളി, ആറാട്ടുകുഴി തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ചായിരുന്നു റോഡിന്‍റെ നിര്‍മാണം.
നിര്‍മാണം തുടങ്ങിയിട്ട് നാല് വര്‍ഷം
എന്നാൽ നാലു വർഷം പിന്നിടുമ്പോഴും റോഡിന്‍റെ പണി തുടങ്ങിയിടത്തുതന്നെ നിൽക്കുകയാണ്. ഓട നിർമാണത്തിന്‍റെ ഭാഗമായിപ്രദേശത്തെ നിരവധി വീടുകളുടെ മതിലുകളും ഇടിച്ചു മാറ്റിയെങ്കിലും നാളിതുവരെ പുനര്‍ നിര്‍മിച്ച് നല്‍കിയിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പൊളിച്ച മതിലുകള്‍ പുനര്‍ നിര്‍മിച്ചു തരാമെന്ന് കരാറുകാരന്‍ വ്ഗാദാനം നല്‍കിയിരുന്നു. എന്നാല്‍ വാക്ക് പാലിക്കപ്പെട്ടില്ലെന്നും നാട്ടൂകാര്‍ ആരോപിക്കുന്നു.
അതിനിടെയാണ് കഴിഞ്ഞ ദിവസം ശിവപുരം ക്ഷേത്രത്തിന്‍റെ മതിലും തകര്‍ന്നത്. റോഡിൽ കിടക്കുന്ന മണ്ണും കല്ലും മാറ്റാൻ പോലും അധികൃതർ തയ്യാറാകുന്നുന്നില്ലെന്നും ജനങ്ങള്‍ ആക്ഷേപിക്കുന്നു. അതിനിടെ റോഡ് നിര്‍മാണത്തിലെ അശാസത്രീയത കാരണം പ്രദേശത്ത് കൂടി ഒഴുകിയിരുന്ന ചങ്കിലി തോട് അപ്രത്യക്ഷമായെന്നും ആക്ഷേപമുണ്ട്.
Also Read: പി ജയരാജന്‍ വധശ്രമ കേസില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ പ്രതികളെ വെറുതെ വിട്ടു
ഇതേടെ ചെറിയ മഴ പെയ്യുമ്പോള്‍ പോലും പ്രദേശത്തെ വീടുകളില്‍ വെള്ളം കയറുന്ന സ്ഥിതിയുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ കത്തിപ്പാറ സ്വദേശികളായ സുഭദ്ര, ഗമാലി, പത്രോസ്, ശാന്ത തുടങ്ങിയവരുടെ വീടുകളിൽ വെള്ളം കയറിയിരുന്നു. ശ്രീകുമാർ, അജി, ശ്രീജയ, ബേബി തുടങ്ങിയവരുടെ കൃഷിയിടങ്ങളിലും വെള്ളം കയറി നശിച്ചു.
എന്നാല്‍ കൃത്യസമയത്ത് തുക ലഭിക്കാത്തതാണ് നിര്‍മാണം വൈകാന്‍ കാരണമെന്നാണ് കരാറുകാരന്‍റെ വാദം. എന്നാല്‍ റോഡ് നിര്‍മാണം ഇനിയും വൈകിയാല്‍ സമര പരിപാടികള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.