തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ കുറ്റക്കാരായ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരെയും പിരിച്ചു വിടും. ജുഡിഷ്യൽ കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകൾ അംഗീകരിച്ചാണ് മന്ത്രിസഭ യോഗത്തിന്‍റെ തീരുമാനം. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്‌തിരുന്ന കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥരെയും സർവീസിൽ നിന്ന് നീക്കണമെന്നും സർക്കാർ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റിസ് കെ. നാരായണ കുറുപ്പ് അധ്യക്ഷനായ കമ്മിഷൻ റിപ്പോർട്ടിൽ ശുപാർശ ചെയ്‌തിരുന്നു. ഇതടക്കം കമ്മിഷന്‍റെ മുഴുവൻ ശുപാർശകളും മന്ത്രിസഭ യോഗം അംഗീകരിച്ചു.
നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ എസ്ഐ ആയിരുന്ന കെ.എ സാബു, എഎസ്ഐമാരായിരുന്ന സി.ബി റജിമോൻ, റോയ് പി വർഗീസ്, പൊലീസ് ഡ്രൈവർമാരായ എസ്. നിയാസ്, സജീവ് ആന്‍റണി, ഹോം ഗാർഡ് കെ.എം ജയിംസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിജു ലൂക്കോസ്, സിപിഒ ജിതിൻ കെ ജോർജ്, വനിത സിപിഒ ഗീതു ഗോപിനാഥ് എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.
സാമ്പത്തിക തട്ടിപ്പ് കേസിൽ കസ്റ്റഡിയിൽ എടുത്ത നെടുങ്കണ്ടം സ്വദേശി രാജ്‌കുമാർ 2019 ജൂൺ 21 ന് പീരുമേഡ് സബ് ജയിലിൽ റിമാൻഡിലിരിക്കെ മരിക്കുകയായിരുന്നു. ജൂൺ 12നാണ് രാജ്‌കുമാറിനെ കസ്റ്റഡിയിലെടുത്തത്. പൊലീസിന്‍റെ ക്രൂര മർദ്ദനത്തെത്തുടർന്നാണ് രാജ്‌കുമാർ കൊല്ലപ്പെട്ടതെന്ന് ജുഡിഷ്യൽ കമ്മിഷനടക്കം കണ്ടെത്തിയിരുന്നു.