തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ വേണ്ടെന്ന് സർവകക്ഷി യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് യോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് രൂക്ഷവും ഗൗരവകരവുമായ സാഹചര്യമാണ് നിലനിൽക്കുന്നത്. സെപ്റ്റംബറിൽ ഭീതിജനകമായ രോഗ വ്യാപനമുണ്ടായി. സമ്പർക്കത്തിലൂടെ രോഗം പകരുകയാണ്. ഇത് പിടിച്ചു കെട്ടാൻ നടപടി അനിവാര്യമാണ്. തുടർന്നുള്ള ദിവസങ്ങളിൽ സ്ഥിതി അതീവ സങ്കീർണ്ണമാകും. നേരിടാൻ എല്ലാവരുടേയും പിന്തുണ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അണികളെ ബോധ്യപ്പെടുത്തിയുള്ള ഉത്തരവാദിത്വ പൂർണമായ രാഷ്ട്രീയ പ്രവർത്തനം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവാഹത്തിൽ 50 പേരും മരണത്തിൽ 20 പേരും മാത്രമേ പങ്കെടുക്കാവൂ എന്ന ഉത്തരവിൽ മാറ്റം വരുത്തിയിട്ടില്ല. ഈ നില തുടരണം. പൊതുപരിപാടിയിൽ അടക്കം പങ്കെടുക്കാനുള്ളവരുടെ എണ്ണം നിജപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ വ്യക്തത വരുത്തി ഉത്തരവ് ഇറങ്ങും. സംസ്ഥാന സർക്കാരിനെതിരായ സമരം നിർത്തില്ലെന്ന് പറഞ്ഞ ബിജെപി എന്നാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സമരങ്ങൾ കൊവിഡ് വ്യാപനത്തിന് കാരണമാകരുത് എന്നത് മാത്രമാണ് സർക്കാർ ആവശ്യം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പറഞ്ഞതുപോലെ ആരോഗ്യ അടിയന്തരവസ്ഥ ഇപ്പോൾ സംസ്ഥാനത്ത് ആവശ്യമില്ല. കടുത്ത നടപടി ആവശ്യമായ സാഹചര്യത്തിൽ അക്കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.