തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് മന്ത്രിസഭാ യോഗം ചേരും. ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് കൂടുതല്‍ കർശനമാക്കേണ്ടത് അനിവാര്യമാണോയെന്ന് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർധിച്ച ജില്ലകള്‍ അടച്ചിടണമെന്ന നിർദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നോട്ട് വച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരുകളുമായി ചര്‍ച്ച ചെയ്‌ത ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്രം അറിയിച്ചു. ഇക്കാര്യത്തില്‍ എന്ത് നിലപാട് വേണമെന്നത് ഇന്നത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്‌ത് തീരുമാനിക്കും. വോട്ടെണ്ണൽ ദിനമായ ഞായറാഴ്‌ച സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങളും ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും. ഇന്ന് രാവിലെ പത്ത് മണിക്ക് യോഗം ആരംഭിക്കും.