തിരുവനന്തപുരം : ആക്കുളം കായലിൽ ടൂറിസത്തിനായി പദ്ധതികൾ മുറയ്ക്കു പ്രഖ്യാപിക്കുമെങ്കിലും പിന്നീടെല്ലാം 'കുളമാകുന്നതാണു' ചരിത്രം. ആക്കുളം ടൂറിസ്റ്റ് വില്ലേജിന് എതിർവശത്തായി കായലിനോട് ചേർന്ന് നിർമിച്ച നടപ്പാത തന്നെ അതിന് മികച്ച ഉദാഹരണം. നടപ്പാതയിൽ പാകിയ കല്ലുകൾ ഇളകി, ഇരുവശത്തും കാട് മൂടി, തെരുവ് വിളക്കുകൾ കണ്ണടച്ചു, മാലിന്യവും മദ്യക്കുപ്പികളും നിറഞ്ഞു, സാമൂഹ്യ വിരുദ്ധരുടെ വിഹാരകേന്ദ്രമായി. ഇങ്ങനെ വെള്ളത്തിലായത് 27.35 കോടി (Akkulam tourist village crisis situation).
കായലിലെ കുളവാഴ നീക്കുന്നതിനും ചെളി വാരുന്നതിനും ആക്കുളം മുതൽ വേളി വരെ നടപ്പാത നിർമാണത്തിനുമായാണ് 27.35 കോടി രൂപയുടെ പദ്ധതി 10 വർഷം മുൻപ് ആരംഭിച്ചത് (Akkulam tourist village development projects). എന്നാൽ മാറി വന്ന സർക്കാരുകള്‍ തിരിഞ്ഞു നോക്കാതായതോടെ നടപ്പാത കാടുകയറി നശിച്ചു. നടപ്പാതയിൽ സൗരോര്‍ജത്തില്‍ പ്രവർത്തിക്കുന്ന ലൈറ്റുകൾ അടക്കം സ്ഥാപിച്ചിരുന്നു.
ഇവയുടെ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങൾ ഏറെയായി. നടപ്പാതയിൽ മാലിന്യങ്ങൾ വലിച്ചെറിയരുതെന്ന് മുക്കിലും മൂലയിലും ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അതിനു ചുവട്ടിൽ തന്നെ മാലിന്യ കൂമ്പാരങ്ങൾ കാണാം. രാത്രിയായാൽ സാമൂഹ്യവിരുദ്ധരുടെ വിഹാര കേന്ദ്രമാണ് ഇവിടം.
കായലിന്‍റെ സ്വാഭാവികത വീണ്ടെടുക്കാൻ ഡ്രജ്ജിങ്, സംരക്ഷണ ഭിത്തി നിർമാണം, സൗന്ദര്യവത്‌കരണം, നടപ്പാത നിർമാണം എന്നിവയ്ക്കായി 12-ാം ധനകാര്യ കമ്മിഷൻ ആണ് 27.35 കോടി രൂപ അനുവദിച്ചത്. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷനെ നോഡൽ ഏജൻസിയാക്കി ട്രാവൻകൂർ സിമന്‍റ്‌സ് എന്ന കമ്പനിക്കായിരുന്നു കരാർ നൽകിയത്. കരാറുകാരുടെ കെടുകാര്യസ്ഥത മൂലം പണി എങ്ങും എത്തിയില്ലെന്നാണ് ആരോപണം.
ശക്തമായ അടിത്തറയുടെ അഭാവം മൂലം നടപ്പാത പലയിടത്തും ഇടിഞ്ഞു തകർന്ന നിലയിലാണ്. അതേസമയം ആക്കുളം കായലിന്‍റെയും നടപ്പാതയുടെയും നവീകരണം ഉടൻ ആരംഭിക്കുമെന്നാണ് കേരള ടൂറിസം വകുപ്പ് അഡിഷണൽ ഡയറക്‌ടർ പ്രേം കൃഷ്‌ണൻ നൽകുന്ന വിവരം. ഇതിനായി 96 കോടി രൂപയുടെ പദ്ധതിക്ക് 2021 ഭരണാനുമതി നൽകിയിരുന്നു.
ടെൻഡർ വഴി ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീ അവന്തിക കോൺട്രാക്ടേഴ്‌സ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിക്ക് കരാർ നൽകി. 2022 ഒക്ടോബറിലാണ് കമ്പനിക്ക് വർക്ക് ഓർഡർ നൽകിയത്. ഡിബിഒടി (ഡിസൈൻ ബിൽഡ് ഓപ്പറേറ്റ് ട്രാൻസ്‌ഫർ) മോഡലിലാണ് നവീകരണം.
ഇതുമായി ബന്ധപ്പെട്ട എഗ്രിമെൻ്റിലെ കാലതാമസമാണ് നവീകരണ പ്രവർത്തനങ്ങൾ വൈകിപ്പിച്ചത്. ഫെബ്രുവരിയോടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും. ആക്കുളം കായലും നടപ്പാതയും പുനരുജ്ജീവിപ്പിച്ച് വാട്ടർ സ്പോർട്‌സ് അടക്കമുള്ള വിനോദങ്ങൾക്കായി സജ്ജീകരിച്ച് വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവേകാനുള്ള തയാറെടുപ്പിലാണ് അധികൃതർ.