തിരുവനന്തപുരം : കോൺഗ്രസിൽ നിന്ന് രാജിവച്ച മുൻ ജനറൽ സെക്രട്ടറി രതികുമാറിനും ചുവപ്പുപരവതാനി വിരിച്ച് സിപിഎം. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന് ഇമെയിൽ വഴി അദ്ദേഹം രാജി സമർപ്പിച്ചത്.
രാവിലെ മുതൽ കെ.പി.സി.സി ആസ്ഥാനത്ത് കാത്തുനിന്നെങ്കിലും സുധാകരനെ കാണാൻ കഴിയാത്തതിനെ തുടർന്ന് രാജി മെയിലില്‍ അയയ്ക്കുകയായിരുന്നു. ഇതിനുശേഷം നാലുമണിയോടെയാണ് എ.കെ.ജി സെന്‍ററിലേക്ക് രതികുമാർ എത്തിയത്. കൊല്ലം ജില്ല സെക്രട്ടറി സുദേവൻ എ.കെ.ജി സെന്‍ററിലേക്കുള്ള യാത്രയില്‍ ഒപ്പമുണ്ടായിരുന്നു.
പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻ ചുവപ്പ് ഷാൾ അണിയിച്ച് രതികുമാറിനെ സ്വീകരിച്ചു. മുതിർന്ന നേതാവ് എന്ന നിലയിൽ അർഹമായ സ്ഥാനം സി.പി.എമ്മിൽ രതികുമാറിനുണ്ടാകുമെന്ന് കോടിയേരിയുടെ ഉറപ്പ്. പി.കെ ശ്രീമതി, ആനത്തലവട്ടം ആനന്ദൻ തുടങ്ങിയ നേതാക്കൾക്കൊപ്പം ധനമന്ത്രി കെ.എൻ ബാലഗോപാലും രതികുമാറിനെ സ്വീകരിക്കാനെത്തി.
സി.പി.എമ്മിന് രാഷ്ട്രീയനേട്ടം
തുടർച്ചയായ ദിവസങ്ങളിൽ രണ്ട് ജനറൽ സെക്രട്ടറിമാർ കോൺഗ്രസ് വിട്ടെത്തിയത് സി.പി.എമ്മിനും രാഷ്ട്രീയനേട്ടമായി. കഴിഞ്ഞദിവസമാണ് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി അനിൽകുമാർ സി.പി.എമ്മിൽ എത്തിയത്. കെ.പി.സി.സി സെക്രട്ടറിയായിരുന്ന പി.എസ് പ്രശാന്തും കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്നിരുന്നു.
വരും ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ എത്തുമെന്ന കണക്കുകൂട്ടലിലാണ് സി.പി.എം. കോൺഗ്രസ് വിടുന്നവര്‍ ബി.ജെ.പിയില്‍ എത്താതിരിക്കാനുള്ള ജാഗ്രതയോടെയുള്ള പ്രവർത്തനമാണ് സി.പി.എമ്മിന്‍റെ ഭാഗത്തുനിന്നുമുണ്ടാകുന്നത്.
ALSO READ: കോണ്‍ഗ്രസില്‍ വീണ്ടും രാജി : കെപിസിസി ജനറല്‍സെക്രട്ടറി ജി.രതികുമാര്‍ സിപിഎമ്മില്‍