തിരുവനന്തപുരം: ബസ് ചാർജ് ഉടൻ കുറയ്‌ക്കാൻ സർക്കാർ ആലോചിക്കുന്നില്ലെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ. പൊതുഗതാഗത സംവിധാനം വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തിൽ ദീർഘദൂര സർവീസുകൾ കാര്യക്ഷമമാക്കുമെന്നും ഓർഡിനറി സർവീസുകൾ പഴയ നിരക്കിലാക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോകളുടെ പെർമിറ്റ് 2021 ജനുവരി ഒന്നു മുതൽ റദ്ദാക്കാനുള്ള തീരുമാനത്തിന് ഇളവു നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഓട്ടോ തൊഴിലാളികളുടെ പ്രതിസന്ധി കണക്കിലെടുത്താണ് സാവകാശം നൽകുന്നത്. ജനുവരി ഒന്നു മുതൽ മോട്ടോർ വാഹന വകുപ്പിനു കീഴിലുള്ള എല്ലാ ഓഫീസുകളും പേപ്പർ രഹിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓഫീസുകളിലെ തിരക്ക് ഒഴിവാക്കാൻ സേവനങ്ങളേറെയും ഓൺലൈൻ ആക്കാനാണ് തീരുമാനം. വിദേശത്തുള്ളയാൾക്ക് ലൈസൻസ് പുതുക്കാൻ ഇനി മുതൽ അവിടത്തെ ഡോക്‌ടർ നൽകുന്ന കാഴ്ച/മെഡിക്കൽ പരിശോധനാ സർട്ടിഫിക്കറ്റ് ഓൺലൈനായി അപ് ലോഡ് ചെയ്‌ത് അപേക്ഷിക്കാം. വാഹന പുകപരിശോധന ഏകീകൃത മാനദണ്ഡത്തോടെ ഓൺലൈനാക്കി. ഇനി മുതൽ മോട്ടോർ വാഹന വകുപ്പായിരിക്കും സർട്ടിഫിക്കറ്റ് നൽകുക.
മോട്ടോർവാഹന വകുപ്പിന്‍റെ എൻഫോഴ്‌സ്‌മെന്‍റ് വിഭാഗത്തിനായി 65 വൈദ്യുത വാഹനങ്ങൾ വാങ്ങി. ഇതിൽ 26 വാഹനങ്ങൾ മന്ത്രി എ.കെ. ശശീന്ദ്രൻ ഫ്ലാഗ് ഒഫ് ചെയ്‌തു.