തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയ വിഷയത്തില്‍ ഗവര്‍ണര്‍ക്കുണ്ടായ തെറ്റിദ്ധാരണ പരിഹരിക്കുമെന്ന് നിയമ മന്ത്രി എ.കെ ബാലന്‍. നിയമ വിദഗ്‌ധരുമായി ആലോചിച്ച് ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കും. സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുന്നതിന് മുമ്പ് തന്നോട് സമ്മതം വാങ്ങണമെന്ന് ഗവര്‍ണര്‍ പറയുന്നത് തെറ്റിദ്ധാരണ കൊണ്ടാണ്. ഹര്‍ജി നല്‍കുന്നതിന് മുമ്പ് അനുവാദം വാങ്ങണമെന്ന് ഭരണഘടനയിലോ റൂള്‍സ് ഓഫ് ബിസിനസിലോ നിയമസഭാ ചട്ടങ്ങളിലോ എവിടെയും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടലുണ്ടാകുന്ന വിഷയങ്ങള്‍ മാത്രമേ ഗവര്‍ണറെ അറിയിക്കേണ്ടാതായി ഉള്ളൂ. എന്നാല്‍ അതിന് ഗവര്‍ണറുടെ സമ്മതം ആവശ്യമില്ല. ഇവിടെ ഏറ്റുമുട്ടലിന്റെ സാഹചര്യമില്ല. കേന്ദ്ര നിയമം ഭരണഘടന വിരുദ്ധമാണ് എന്ന കാര്യത്തില്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന 13-ാം വകുപ്പ് അനുസരിച്ചാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. അത് കേന്ദ്ര സര്‍ക്കാരിനെതിരെയോ ഗവര്‍ണര്‍ക്കെതിരെയോ ഉള്ള ഏറ്റുമുട്ടലല്ലെന്നും എ.കെ ബാലന്‍ തിരുവനന്തപുരത്ത് പറഞ്ഞു.