തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി എത്ര സ്വരം മാറ്റിയാലും കേരള ജനത മാപ്പു നല്‍കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണി. ശബരിമല വിധി വന്നശേഷം എല്ലാവരുമായി ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നു.
മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ അതേപടി നടപ്പാക്കിയ ദേവസ്വം മന്ത്രി മാപ്പു പറയുന്നു. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മര്യാദരാമന്‍മാരായി. പാര്‍ട്ടി നേതാക്കന്മാരുടെ സ്വരം സൗമ്യമായിരിക്കുന്നു. ഈ മുഖം മിനുക്കല്‍ പിണറായി സര്‍ക്കാരിന് അക്കര കടക്കാനാണെന്നും എകെ ആന്‍റണി പറഞ്ഞു.
ശബരിമല വിധി വന്നപ്പോള്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ട് മുഖ്യമന്ത്രി തയ്യാറായോ? ഏപ്രില്‍ ആറിന് പോളിങ് ബൂത്തില്‍ പോകുന്ന വിശ്വാസികളും സ്ത്രീകളും ഇത് മറക്കുമോ എന്നും അദ്ദേഹം ചോദിച്ചു. തലക്കനം, അഴിമതി, ധൂര്‍ത്ത്, എന്നിവയായിരുന്നു പിണറായി സര്‍ക്കാരിന്‍റെ മുഖമുദ്ര. ഒരു സാഹചര്യത്തിലും പിണറായി വിജയന് തുടര്‍ഭരണം നല്‍കരുതെന്നും എ.കെ.ആന്‍റണി ആവശ്യപ്പെട്ടു.