തിരുവനന്തപുരം: തമിഴ്‌നാട് വനമേഖലയിലെ ആനവേട്ട കേസിൽ തിരുവനന്തപുരം സ്വദേശി
അജി ബ്രൈറ്റിനെ സിബിഐ അറസ്റ്റ് ചെയ്തു. ഇടമലയാർ ആനവേട്ട കേസില്‍ ശിക്ഷിക്കപ്പെട്ട ആളാണ് ഇയാള്‍. സിബിഐ ചെന്നൈ യൂണിറ്റാണ് തിരുവനന്തപുരം പേട്ടയ്ക്കു സമീപത്തു വച്ച് ഇയാളെ പിടികൂടിയത്.
2016ൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് സിബിഐക്ക് വിട്ട കേസിൻ്റെ അന്വേഷണത്തിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഏതാനും ദിവസം മുമ്പ് കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് അജി ബ്രൈറ്റിനെ തിരുവനന്തപുരത്തെത്തി സിബിഐ ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തത്.
കേരളത്തിലെ ഏറ്റവും വലിയ ആനവേട്ട കേസാണ് ഇടമലയാർ കേസ്. ഈ കേസിൽ അജി ബ്രൈറ്റ് ശിക്ഷിക്കപ്പെട്ടിരുന്നു. മലയാറ്റൂർ, മൂന്നാർ, വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷൻ പരിധികളിൽ അജി ഉൾപ്പെട്ട സംഘം നടത്തിയ ആനവേട്ടയുമായി ബന്ധപ്പെട്ട് 22 കേസാണ് വനംവകുപ്പ് എടുത്തിരുന്നത്. ഈ കേസിൽ ഡി എഫ് ഒ ഉൾപ്പെടെയുള്ളവർ തന്നെ കസ്റ്റഡിയിൽ മർദിച്ചെന്നും മൂന്നാംമുറ പ്രയോഗിച്ചെന്നുമുള്ള അജി ബ്രൈറ്റിൻ്റെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. ഈ അന്വേഷണം അട്ടിമറിക്കാനാണ് തമിഴ്‌നാട്ടിലെ ആനവേട്ടയുമായി ബന്ധപ്പെട്ട് അജിയെ സിബിഐ അറസ്റ്റു ചെയ്തതെന്ന് അജിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.
ALSO READ:വിജയ് മല്യയെ ലണ്ടനിലെ ആഡംബര വസതിയിൽ നിന്ന് പുറത്താക്കിയേക്കും