എറണാകുളം : രാജ്യദ്രോഹക്കേസിൽ തനിക്കെതിരെ വ്യാജ തെളിവുണ്ടാക്കാൻ ശ്രമമെന്ന് ഐഷ സുൽത്താന ഹൈക്കോടതിയില്‍. ലക്ഷദ്വീപ് പൊലീസിനെതിരെയാണ് ചലച്ചിത്ര പ്രവര്‍ത്തക സത്യവാങ്‌മൂലം സമർപ്പിച്ചത്.
ലക്ഷദ്വീപ് പൊലീസിന്‍റെ കസ്റ്റഡിയിലുള്ള മൊബൈലിലും ലാപ്ടോപ്പിലും വ്യാജ തെളിവുകൾ നിർമിക്കാൻ സാധ്യതയുണ്ട്. പിടിച്ചെടുത്ത ഫോണും ലാപ്‌ടോപ്പും ആരുടെ കയ്യിലാണുള്ളതെന്ന് അറിയില്ല. ഇവ ഗുജറാത്തിൽ പരിശോധനയ്ക്ക് അയച്ചത് ദുരൂഹമാണ്. പരിശോധനയിൽ തിരിമറിയ്ക്ക് സാധ്യതയുണ്ടെന്നും ഐഷ ആരോപിച്ചു.
ചാനൽ ചർച്ചയ്ക്കിടയിലെ ബയോവെപ്പൺ പരാമർശനത്തിന് പിന്നിൽ ഗൂഢാലോചനയില്ലെന്ന് അറിയിച്ച ഐഷ, പരാമർശത്തിന് മുൻപ് ആരെയും ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്നും വാട്ട്സ് ആപ്പ് സന്ദേശങ്ങൾ ഡീലീറ്റ് ചെയ്തിട്ടില്ലെന്നും ഹൈക്കോടതിയെ അറിയിച്ചു.
പ്രവാസികൾ അക്കൗണ്ടിലേയ്ക്ക് പണം അയച്ചത് ജീവകാരുണ്യ പ്രവർത്തനത്തിന് വേണ്ടിയാണ്. സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ പൊലീസിന് നൽകിയിട്ടുണ്ടന്നും ഐഷ വ്യക്തമാക്കി.
READ MORE: ഐഷ സുൽത്താനയ്‌ക്കെതിരായ കേസ്; ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി
രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയെ എതിർത്തുള്ള ലക്ഷദ്വീപ് പൊലീസിന്‍റെ വാദങ്ങൾക്കെതിരെയാണ് ഐഷ സുൽത്താന മറുപടി സത്യവാങ്മൂലം സമർപ്പിച്ചത്.