തിരുവനന്തപുരം: ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച എ ഐ ക്യാമറകൾക്ക് പ്രവർത്തന അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പല കാലങ്ങളിലായി പുറത്തിറക്കിയത് ആറ് ഉത്തരവുകൾ. പ്രവർത്തന മാതൃകയിൽ അടക്കം മാറ്റങ്ങൾ വരുത്തിയാണ് അടിക്കടി ഉത്തരവ് ഇറക്കിയത്. 2018ലാണ് കെൽട്രോൺ ബിഒടി മാതൃകയിൽ ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്താൻ ഇത്തരമൊരു പദ്ധതി തയ്യാറാക്കുന്നത്. 2019 ലാണ് ഇത് സംബന്ധിച്ച് ആദ്യ ഉത്തരവ് പുറത്തിറങ്ങുന്നത്.
ഉത്തരവിൽ പറയുന്നത് ഇങ്ങനെ: ക്യാമറകൾ സർക്കാരിന് മുതൽ മുടക്ക് ഇല്ലാത്ത തരത്തിൽ സ്ഥാപിച്ച്, തുടർന്ന് പിഴത്തുകയിൽ നിന്നും അഞ്ച് വർഷം കൊണ്ട് ചെലവായ പണം തിരിച്ചു പിടിക്കാം. 2020 ൽ കെൽട്രോണിനെ പ്രൊജക്‌ട് മാനേജ്മെന്‍റ് കൺസൾട്ടന്‍റാക്കി. ധനവകുപ്പും, ധനവകുപ്പിന്‍റെ സാങ്കേതിക പരിശോധന വിഭാഗവും നടത്തിയ പരിശോധനക്ക് പിന്നാലെയാണിത്.
എന്നാൽ ഇത് ഒരേ ഉത്തരവിൽ കെൽട്രോണിന് രണ്ടു മോഡൽ കരാറിലേര്‍പ്പെടാൻ സാധിക്കുന്ന തരത്തിലായിരുന്നു. അതായത് കെൽട്രോണിനോട് പദ്ധതി നേരിട്ട് നടപ്പിലാക്കാൻ ആവശ്യപ്പെട്ട സർക്കാർ കെൽട്രോണിനെ കൺസൾട്ടൻസിയാക്കി സ്വകാര്യ മേഖലയെ പണിയേൽപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
അതേസമയം 2020 ൽ കെൽട്രോൺ ഗതാഗത കമ്മിഷണറുമായി ഒരു ധാരണപാത്രം ഒപ്പുവച്ചു. ആദ്യ ഘട്ടത്തിൽ കെൽട്രോൺ പണം മുടക്കണം. പദ്ധതി ആരംഭിക്കുന്നത് മുതൽ മൂന്നു മാസം കൂടുമ്പോള്‍ 11 കോടി തിരികെ നൽകുമെന്നാണ് ഈ ഉത്തരവിൽ പറയുന്നത്. ഇതിന് പിന്നാലെ കെൽട്രോൺ എസ്ആർഐടി എന്ന കമ്പനിക്ക് ഉപകരാർ നൽകുകയും ക്യാമറകൾ സ്ഥാപിക്കുകയും ചെയ്‌തു. പദ്ധതിക്ക് പ്രവർത്തനാനുമതി തേടി ഗതാഗത മോട്ടോർ വാഹന വകുപ്പ് ചീഫ് സെക്രട്ടറിയെ സമീപിച്ചപ്പോഴാണ് കരാറിന് പിന്നിലെ നിയമ കുരുക്കുകൾ പുറത്തു വരുന്നത്.
എന്നാൽ തെറ്റുകൾ തിരുത്തി പദ്ധതിക്ക് അനുമതി നൽകണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ആവശ്യം മന്ത്രിസഭയ്ക്ക് മുന്നിൽ എത്തിച്ചു. കോടികൾ മുടക്കി ക്യാമറ സ്ഥാപിച്ച സാഹചര്യത്തിൽ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകാനാകില്ലെന്നും പൊതുമേഖല സ്ഥാപനം നടപ്പാക്കിയ പദ്ധതിയുടെ തെറ്റുകൾ പരിഹരിച്ച് അനുമതി നൽകണമെന്നും ഗതാഗത സെക്രട്ടറി എഴുതിയ കുറിപ്പ് പരിഗണിച്ചാണ് ക്യാമറക്ക് അനുമതി നൽകിയത്.
ധനവകുപ്പിന്‍റെ നിർദേശവും ലംഘിച്ചു: മാത്രമല്ല കെൽട്രോൺ മറ്റ് സ്വകാര്യ കമ്പനികളിൽ നിന്ന് ഉപകരണങ്ങൾ വാങ്ങരുതെന്ന ധനവകുപ്പിന്‍റെ നിർദേശം ലംഘിച്ചുകൊണ്ടാണ് സംസ്ഥാനത്ത് ക്യാമറകൾ സ്ഥാപിച്ചത്. കെൽട്രോൺ ഏത് കമ്പനിക്കാണ് പദ്ധതിയുടെ ഉപകരാർ നൽകിയതെന്ന വിവരം പോലും മന്ത്രിസഭയ്ക്ക് മുന്നിൽ സമർപ്പിച്ച കുറുപ്പിലും രഹസ്യമാക്കി വച്ചു.
235 കോടിയുടെ പദ്ധതിയാണ് കെൽട്രോൺ ആദ്യം സമർപ്പിച്ചത്. എന്നാൽ പിന്നീട് ഇത് 232 കോടിയായി കുറയ്ക്കുകയായിരുന്നു. ധനവകുപ്പ് പദ്ധതിയുടെ എസ്റ്റിമേറ്റ് ആവശ്യപ്പെട്ട ശേഷമാണ് കെൽട്രോൺ നൽകിയത്. എ ഐ ക്യാമറ പദ്ധതിയുടെ പ്രോജക്‌ട് മാനേജ്മെന്‍റ് കൺസൽറ്റന്‍റായി (പിഎംസി) കെൽട്രോൺ പ്രവർത്തിച്ചാൽ മതി, ഉപകരണങ്ങൾ ഗതാഗത വകുപ്പിന് നേരിട്ടു വാങ്ങാവുന്നതാണെന്നുമായിരുന്നു ധനവകുപ്പിന്‍റെ നിർദേശം.
എന്നാൽ ഈ നിർദേശം അട്ടിമറിക്കാൻ ഫയൽ നേരിട്ട് മന്ത്രിസഭയിലെത്തിച്ച് 232 കോടിയുടെ എഐ ക്യാമറ പദ്ധതിക്ക് അന്തിമ അനുമതി ഗതാഗത വകുപ്പ് നേടുകയായിരുന്നു. എ ഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് അടിമുടി ദുരൂഹതകളാണ് പുറത്തുവരുന്നത്.