തിരുവനന്തപുരം: സംസ്ഥാനത്ത് എഐ കാമറകൾ പ്രവര്‍ത്തിച്ച് തുടങ്ങി. ഇന്ന് (05.06.23) രാവിലെ 8 മണി മുതലാണ് കാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത്. നിയമ ലംഘനം നടത്തി പിഴ നോട്ടിസ് ലഭിക്കുന്നയാള്‍ ഒരു മാസത്തിനകം പിഴ അടയ്ക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർ ബ്രിന്ദ സനിൽ ഇടിവി ഭാരതിനോട് പറഞ്ഞു.
എഐ കാമറകൾ വഴി കണ്ടെത്തുന്ന നിയമ ലംഘനങ്ങൾ ട്രാൻസ്പോർട്ട് ഭവനിൽ സജ്ജീകരിച്ചിരിക്കുന്ന സെൻട്രൽ കൺട്രോൾ റൂമിലെ സെർവറിലേക്കാണ് എത്തുന്നത്. ഇത്തരത്തിൽ എത്തുന്ന നിയമ ലംഘനങ്ങൾ ഈ സർവറിൽ നിന്നും ലിസ്റ്റായി ജില്ല കൺട്രോൾ റൂമിലേക്ക് കൈമാറും. തുടർന്ന് കെൽട്രോണിലെ ഉദ്യോഗസ്ഥർ ദൃശ്യങ്ങൾ പരിശോധിച്ച് നിയമ ലംഘനത്തിൽ വ്യക്തത വരുത്തിയ ശേഷം മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് കൈമാറും.
നിയമ ലംഘനം നടത്തുന്ന വാഹനത്തിന്‍റെയും ആളുകളുടെയും ദൂര ദൃശ്യവും അടുത്തുള്ള ദൃശ്യവും വ്യക്തമായി എഐ കാമറ ഒപ്പിയെടുക്കും. കുറ്റമറ്റ പരിശോധനയ്ക്ക് ശേഷമാകും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ നിയമ ലംഘനം നടത്തിയ ആൾക്ക് പിഴ ഈടാക്കുന്നതിനുള്ള ഇ-ചലാൻ എസ്എംഎസ് മുഖേന അയയ്ക്കുക. തപാല്‍ വഴിയാണ് പിഴ നോട്ടിസ് വീട്ടിലെത്തുക.
ഇത്തരത്തിൽ പിഴ നോട്ടിസ് ലഭിച്ചാൽ ഒരു മാസത്തിനകം പിഴ അടയ്ക്കണം. പ്രതിദിനം 25000 പേർക്ക് നോട്ടിസ് അയക്കാനാകും എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
എത്രയാണ് പിഴ ? എന്തിനൊക്കെയാണ് പിഴ ഈടാക്കുക ?: സംസ്ഥാനത്തെ റോഡുകളില്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവര്‍ക്ക് 500 രൂപയും സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ പിഴ 500 രൂപയും ഇരുചക്ര വാഹനത്തിൽ രണ്ടിൽ കൂടുതൽ പേർ യാത്ര ചെയ്‌താല്‍ 1000 രൂപയും പിഴ ഈടാക്കും. ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കുന്നവരില്‍ നിന്ന് 2000 രൂപയും അനധികൃത പാർക്കിങ്ങിന് 250 രൂപയും അമിതവേഗത്തിന് 1500 രൂപയുമാണ് പിഴ ഈടാക്കുക. ഒരു കാമറയിൽ പതിഞ്ഞ നിയമ ലംഘനം വീണ്ടും മറ്റൊരു കാമറയിൽ പതിഞ്ഞാലും പിഴ ആവർത്തിക്കും. അതേ സമയം ചുവപ്പ് സിഗ്നൽ ലംഘിക്കുന്ന നിയമ ലംഘനങ്ങൾ കോടതിയിലേക്ക് നേരിട്ട് കൈമാറും.
കുട്ടികള്‍ക്ക് പിഴയില്ല: സംസ്ഥാനത്തെ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന മൂന്നാമത്തെയാള്‍ 12 വയസിന് താഴെയുള്ള കുട്ടിയാണെങ്കില്‍ തത്കാലം പിഴ ഈടാക്കേണ്ടക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു പറഞ്ഞു. കുട്ടികളുടെ വിഷയവുമായി ബന്ധപ്പെട്ടുള്ള നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് അയച്ചിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി അറിയിക്കുന്നത് വരെ പിഴ ഈടാക്കില്ലെന്നും മന്ത്രി പറഞ്ഞു.
പാതയോരങ്ങളിലെ ദൃശ്യങ്ങള്‍ ഒപ്പിയെടുത്ത് എഐ കാമറകള്‍: സംസ്ഥാനത്ത് 692 കാമറകളാണ് ഒരുക്കിയിരിക്കുന്നത്. 24 മണിക്കൂറും ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായിരിക്കും. രാത്രി കാല ദൃശ്യങ്ങള്‍ വളരെ വ്യക്തമായി പകര്‍ത്താനാവുന്ന ഇന്‍ഫ്രാറെഡ് കാമറകളാണ് പാതയോരത്ത് സ്ഥാപിച്ചിരിക്കുന്നത്. കേരളത്തിലെ റോഡ് അപകടങ്ങളുടെ എണ്ണം വലിയ തോതില്‍ കുറക്കുകയാണ് എഐ കാമറ സ്ഥാപിക്കലിന്‍റെ പ്രധാന ലക്ഷ്യം.