തിരുവനന്തപുരം: കേരളീയത്തിൽ ആദിവാസികളെ പ്രദർശന വസ്‌തുവാക്കി എന്ന ആരോപണത്തിൽ പ്രതികരിച്ച് കൃഷി മന്ത്രി പി പ്രസാദ്. ഗോത്ര പാരമ്പര്യവും തനിമയും പ്രദർശിപ്പിക്കാം, പക്ഷേ മനുഷ്യരെ പ്രദർശന വസ്‌തുവാക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ആദിവാസിയെ പ്രദർശന വസ്‌തുവാക്കുന്നതിനോട് യോജിപ്പില്ലെന്നും ഒരു മനുഷ്യനെയും പ്രദർശന വസ്‌തുവാക്കാൻ പാടില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേരളീയം പരിപാടിയുടെ ഭാഗമായി ഫോക്‌ലോർ അക്കാദമിയാണ് ആദിമം എന്ന പേരിൽ അഞ്ച് ആദിവാസി വിഭാഗങ്ങളെ ഉൾപ്പെടുത്തി മ്യൂസിയം തയാറാക്കിയത്. കനകക്കുന്നിലാണ് ഊരാളി, മാവിലർ, കാണി, മന്നാൻ, പളിയർ തുടങ്ങിയ അഞ്ച് ആദിവാസി വിഭാഗങ്ങളെ ഉൾപ്പെടുത്തി ആദിമം മ്യൂസിയം തയാറാക്കിയിരിക്കുന്നത്. എന്നാല്‍ മ്യൂസിയം എന്ന പേരിൽ ആദിവാസികളെ പ്രദർശന വസ്‌തുവാക്കുന്നതിലെ മനുഷ്യത്വ വിരുദ്ധത വ്യാപക വിമർശനത്തിന് കാരണമാക്കിയിരുന്നു.
ജൈവ കാർഷിക മിഷനില്‍ പ്രതികരണം: സംസ്ഥാനത്ത് ജൈവ കാർഷിക മിഷന് തുടക്കം കുറിച്ചതായും മന്ത്രി അറിയിച്ചു. കർഷകർക്ക് കൃഷിയിടത്തിൽ നിന്നും പരമാവധി വരുമാനം ഉറപ്പാക്കി സാമ്പത്തിക ഭദ്രത നേടിയെടുക്കാനും കൃഷി, മൃഗസംരക്ഷണം, കോഴി വളർത്തൽ, മത്സ്യകൃഷി, തേനീച്ച കൃഷി, കൂൺ കൃഷി തുടങ്ങിയ കാർഷിക മേഖലകളെ ഏകോപിപ്പിച്ചുകൊണ്ട് സ്ത്രീകൾ, യുവജനങ്ങൾ, വിദ്യാർഥികൾ, പ്രവാസികൾ എന്നിവരുടെ കൂട്ടായ്‌മയിലും സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ, സന്നദ്ധ സംഘടനകൾ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് ലക്ഷ്യം കൈവരിക്കുകയാണ് ജൈവ കാർഷിക മിഷനിലൂടെ സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read: സർക്കാർ കേരളീയം പോലുള്ള അനാവശ്യ ചെലവുകൾ നിർത്തണം, വരുമാനത്തിനുള്ള മാർഗങ്ങൾ സൃഷ്‌ടിക്കണം : ശശി തരൂർ
കൃഷിമന്ത്രി ചെയർപേഴ്‌സണായുള്ള ഗവേണിങ് കൗൺസിലും വിവിധ വകുപ്പുകളുടെയും കാർഷിക അനുബന്ധ സ്ഥാപനങ്ങളുടെയും മേധാവികൾ അംഗങ്ങളായുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമാണ് ജൈവ കാർഷിക മിഷന്‍റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. മാത്രമല്ല ക്രിസ്‌മസിന് മുന്നോടിയായി 'ക്രിസ്‌മസ് ട്രീ വിതരണം' എന്ന പദ്ധതി കൂടി കൃഷി വകുപ്പ് നടപ്പിലാക്കിയതായും മന്ത്രി അറിയിച്ചു.
ക്രിസ്‌മസിനായി ഒരുങ്ങി: സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ 31 ഫാമുകളിലായി 4866 ക്രിസ്‌മസ് ട്രീ തൈകൾ വിതരണത്തിനായി സജ്ജമാക്കി. തുജ, ഗോൾഡൻ സൈപ്രസ്, അരക്കേറിയ എന്നീ ഇനങ്ങളിലെ തൈകളാണ് വിപണനത്തിന് തയ്യാറായിരിക്കുന്നത്. തുജ 369 എണ്ണവും ഗോൾഡൻ സൈപ്രസ് 372 എണ്ണവും അരക്കേറിയ 775 എണ്ണവുമാണ് വിപണനത്തിന് തയ്യാറായിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വില വിവരങ്ങൾ:
- തുജ തൈകൾ (8-10 മൺ ചട്ടിയിൽ) രണ്ട് അടി വരെയുള്ളത് 200 രൂപ
- തുജ - രണ്ട് അടിക്ക് മുകളിൽ ഉയരമുള്ളത് 225 രൂപ
- ഗോൾഡൻ സൈപ്രസ് (8-10 മൺ ചട്ടിയിൽ) രണ്ട് അടി വരെയുള്ളത് 250 രൂപ
- ഗോൾഡൻ സൈപ്രസ് (8-10 മൺ ചട്ടിയിൽ) രണ്ട് അടിക്ക് മുകളിൽ ഉയരമുള്ളത് 300 രൂപ
- അരക്കേറിയ (8-10 മൺ ചട്ടിയിൽ) രണ്ട് തട്ട് വരെയുള്ളത് 300 രൂപ
- അരക്കേറിയ (8-10 മൺ ചട്ടിയിൽ)- 2 തട്ടിന് മുകളിലുള്ളത് 400 രൂപ