തിരുവനന്തപുരം : അനുപമയുടെയും കുഞ്ഞിന്‍റെയും ഡിഎന്‍എ പരിശോധനാഫലം പോസിറ്റീവ്. അനുപമ - അജിത് ദമ്പതികളുടേതാണ് ആന്ധ്രയിലേക്ക് കടത്തിയ കുഞ്ഞെന്ന് സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച പരിശോധനാ റിപ്പോര്‍ട്ട് തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്‍റര്‍ അധികൃതര്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക്(Child welfare committee) കൈമാറി.
'പറഞ്ഞറിയിക്കാനാകാത്ത സന്തോഷം' എന്നായിരുന്നു ഫലം അറിഞ്ഞ ശേഷമുള്ള അനുപമയുടെ പ്രതികരണം. ഒന്നും പറയാൻ പറ്റുന്നില്ല. അത്ര സന്തോഷമുണ്ട്. ഔദ്യോഗികമായി ഡിഎൻഎ ഫലം സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല. എത്രയും വേഗം കുഞ്ഞിനെ ലഭിക്കുമെന്നാണ് കരുതുന്നത്. ഇതുവരെ ഉണ്ടായ കാലതാമസം കുഞ്ഞിനെ തനിക്കുനൽകുന്നതിൽ ഇനിയും സംഭവിക്കരുതെന്നാണ് അഭ്യർഥനയെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.
also read: High Court of Kerala| മതാഘോഷം തെരുവ് കൈയേറണ്ട, താക്കീതുമായി ഹൈക്കോടതി
ഇന്നലെയാണ് അനുപമ, ഭര്‍ത്താവ് അജിത്ത്, കുഞ്ഞ് എന്നിവരുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചത്. കുഞ്ഞ് തന്‍റേതെന്ന അനുപമയുടെ അവകാശവാദം തെളിയിക്കുന്നതിനാണ് ഡിഎന്‍എ പരിശോധന നടത്തിയത്. കഴിഞ്ഞ ഒരു കൊല്ലമായി ആന്ധ്രയിലെ ദമ്പതികള്‍ക്ക് ദത്ത് നല്‍കിയിരുന്ന കുഞ്ഞിനെ ഞായറാഴ്‌ച രാത്രി തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ കുന്നുകുഴി നിര്‍മ്മല ശിശുഭവനിലേക്ക് മാറ്റി.
രാജീവ്ഗാന്ധി ബയോടെക്‌നോളജി സെന്‍റര്‍ അധികൃതർ അവിടെയെത്തി കുഞ്ഞിന്‍റെ സാമ്പിള്‍ ശേഖരിക്കുകയായിരുന്നു. പരിശോധനാഫലം സീല്‍ ചെയ്‌ത കവറില്‍, കേസ് പരിഗണിക്കുന്ന തിരുവനന്തപുരം കുടുംബ കോടതിക്ക് കൈമാറും. നവംബര്‍ 30നാണ് കേസ് കോടതിക്ക് മുമ്പാകെ വരുന്നത്. അതിനാല്‍ പരിശോധനാഫലം പോസിറ്റീവാണെങ്കില്‍ പോലും കുഞ്ഞിനെ കൈവശം ലഭിക്കാന്‍ അനുപമ 30 വരെ കാത്തിരിക്കേണ്ടി വരും.