തിരുവനന്തപുരം : ലാസ്റ്റ് ഗ്രേഡ് സർവന്‍റസ് (എൽജിഎസ്) റാങ്ക് പട്ടികയുടെ കാലാവധി നീട്ടാൻ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവ്. സെപ്റ്റംബർ 29 വരെ നീട്ടാനാണ് നിര്‍ദേശം. ഉദ്യോഗാർഥികളുടെ പരാതിയിലാണ് നടപടി. അടുത്ത ബുധനാഴ്‌ചയാണ് എൽജിഎസ് റാങ്ക് പട്ടികകളുടെ കാലാവധി അവസാനിക്കുന്നത്.
അതേസമയം കോടതി ഉത്തരവിൽ നിയമവശം പരിശോധിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പിഎസ്‌സി അറിയിച്ചു. വനിത കോൺസ്റ്റബിൾ ലിസ്റ്റ് നീട്ടണമെന്ന അപേക്ഷ നാളെ പരിഗണിക്കും.
എന്നാൽ വിധി ആശ്വാസകരമാണെങ്കിലും വാഗ്‌ദാനങ്ങൾ പാലിക്കും വരെ സമരവുമായി മുന്നോട്ടുപോകുമെന്നാണ് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽജിഎസ് ഉദ്യോഗാർഥികളുടെ നിലപാട്.
ALSO READ: സർക്കാർ വാക്ക് പലിച്ചില്ല; സമരവുമായി എൽഡിസി ഉദ്യോഗാർഥികൾ വീണ്ടും രംഗത്ത്
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്താണ് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരവുമായി എത്തിയത്. സർക്കാർ നൽകിയ ഉറപ്പിനെ തുടർന്ന് 36 ദിവസം നീണ്ടുനിന്ന സമരം പിൻവലിക്കുകയായിരുന്നു.
എന്നാൽ പിന്നീട് സർക്കാർ നൽകിയ വാഗ്‌ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ചാണ് വീണ്ടും ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിലെത്തിയത്.