തിരുവനന്തപുരം: അദാനി ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കരൺ അദാനിയടക്കം എട്ട് പേർക്കെതിരെ ജില്ലാ അഡീഷണല്‍ സിജെഎം കോടതി വഞ്ചനാ കുറ്റത്തിന് നേരിട്ട് കേസെടുത്തു. സെപ്‌തംബര്‍ 26ന് കോടതിയില്‍ നേരിട്ട് ഹാജരാകാനാണ് ഉത്തരവ്. കരൺ അദാനി, ഹൗവ്വ എൻജിനിയറിങ് കമ്പനി ജനറൽ മാനേജർ ദേവേന്ദ്ര താക്കർ, അദാനി വിഴിഞ്ഞം പ്രോജക്റ്റ് സിഇഒമാരായ ഫെനിൽ കുമാർ, രാജേഷ് കുമാർ, ജി.ജെ റാവു, നടരാജൻ, ചിറയു പാണ്ഢ്യ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
രാജ്യാന്തര തുറമുഖ പദ്ധതിയുടെ ഭാഗമായുള്ള പുലിമുട്ട് നിര്‍മാണത്തിന് കരിങ്കല്ല് ഇറക്കുമതി ചെയ്യുന്നതിനായി 2017 മെയ് 23 ന് അദാനി ഗ്രൂപ്പ് മേഘ ട്രേഡിങ്ങ് കമ്പനിയുമായി 34,75,68,540 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടിരുന്നു. ഇത് പ്രകാരം വിവിധ സ്ഥലങ്ങളിൽ നിന്നും കരിങ്കൽ ഇറക്കുമതി ചെയ്യുന്നതിന് 22 കോടി രൂപ മേഘാ ട്രേഡിങ്ങ് കമ്പനി നിക്ഷേപിച്ചിരുന്നു. എന്നാൽ സർക്കാർ ഉടമസ്ഥതയിലുള്ള ക്വാറികളിൽ നിന്നും കുറഞ്ഞനിരക്കിൽ കരിങ്കൽ ലഭ്യമാക്കാമെന്ന കാരണത്താൽ മേഘ ട്രേഡിങ്ങ് കമ്പനിയുമായി ഉണ്ടാക്കിയ കരാർ അദാനി ഗ്രൂപ്പ് അവസാനിപ്പിച്ചു. എന്നാല്‍ കരിങ്കൽ സമയ ബന്ധിതമായി നൽകിയില്ലെന്നാരോപിച്ച് അദാനി ഗ്രൂപ്പ് കരാര്‍ അവസാനിപ്പിച്ചെന്നും തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നും ആലപ്പുഴയിലുള്ള മേഘ ട്രേഡിങ്ങ് കമ്പനി നൽകിയ സ്വകാര്യ ഹർജിയില്‍ പറഞ്ഞു. ഇതേ കാര്യം ഉന്നയിച്ച് അദാനി വിഴിഞ്ഞം തുറമുഖം കമ്പനിക്കെതിരെ സിവിൽ കേസും നൽകിയിട്ടുണ്ട്.