തിരുവനന്തപുരം: കുട്ടിക്കാലത്ത് പാതിവഴിയില്‍ മുടങ്ങിപ്പോയ പഠനം പൂര്‍ത്തിയാക്കാനൊരുങ്ങി നടന്‍ ഇന്ദ്രന്‍സ്. തിരുവനന്തപുരം നഗരസഭയുടെ അക്ഷരശ്രീ പദ്ധതി പ്രകാരം പത്താം ക്ലാസ് പൂര്‍ത്തിയാക്കാന്‍ അപേക്ഷ അദ്ദേഹം നൽകി (Actor Indrans To Resume Studies Through Aksharasree Project). തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കാണ് 67 കാരനായ ഇന്ദ്രന്‍സ് എസ്എസ്എല്‍സി സ്വപ്‌നം സാക്ഷാത്കരിക്കാൻ എത്തുന്നത്.
ആഴ്‌ചയിൽ ഒരു ദിവസം ക്ലാസിലെത്തിയാല്‍ മതി. ആഗ്രഹം കൊണ്ടാണ് ചേര്‍ന്നതെന്നും തിരക്കുകള്‍ക്കിടയില്‍ ക്ലാസിലെത്താനാകുമോയെന്ന് അറിയില്ലെന്നും ഇന്ദ്രന്‍സ് ഇടിവി ഭാരതിനോട് പറഞ്ഞു. സുഹൃത്തുക്കളാണ് പദ്ധതിയെ കുറിച്ച് പറഞ്ഞത്. പിന്നീട് ഫോം വാങ്ങി പൂരിപ്പിച്ചു.
തുടര്‍ന്ന് കഴിഞ്ഞ ദിവസം നവകേരള സദസിന്‍റെ മെഡിക്കല്‍ കോളജ് വാര്‍ഡ് തല സംഘാടക സമിതി യോഗത്തില്‍ വിശിഷ്‌ടാതിഥിയായി എത്തിയ ഇന്ദ്രന്‍സ്, അപേക്ഷ ഫോം മെഡിക്കല്‍ കോളജ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക ശ്രിലേഖയ്ക്ക് കൈമാറുകയായിരുന്നു.
വരുന്ന ഞായറാഴ്‌ചയാണ് ആദ്യ ക്ലാസ്. എന്നാല്‍ ആദ്യം ദിനം തന്നെ ഷൂട്ടിംഗ് ഉള്ളതിനാല്‍ ആബ്‌സന്‍റാകാന്‍ സാധ്യതയുള്ളതായി ഇന്ദ്രന്‍സ് പറയുന്നു. നാലാം ക്ലാസ് വരെ വീടിനടുത്തുള്ള കുമാരപുരം യു പി സ്‌കൂളിലെ പഠനത്തിന് ശേഷം നാടക പ്രവര്‍ത്തനത്തിലേക്കും പിന്നീട് നിത്യവൃത്തി കണ്ടെത്താന്‍ തയ്യല്‍ ജോലിയിലേക്കും പോയി. ഇതോടെ പഠിപ്പ് പാതി വഴിയില്‍ മുടങ്ങി. അക്ഷരശ്രീ പദ്ധതിയെ കുറിച്ച് സുഹൃത്തുക്കള്‍ വഴി അറിഞ്ഞപ്പോളാണ് ഇന്ദ്രന്‍സിന് പാതിവഴിയില്‍ മുടങ്ങിയ പത്താം ക്ലാസ് നേടാനുള്ള പഠനം വീണ്ടും പുനരാരംഭിക്കാനുള്ള ആഗ്രഹം ഉടലെടുത്തത്.