തിരുവനന്തപുരം : നല്ല കഥകളുമായി നല്ല പ്രൊഡ്യൂസർമാരെ സമീപിക്കുമ്പോൾ സാറ്റലൈറ്റ് മൂല്യമില്ലെന്ന് പറഞ്ഞ് പലപ്പോഴും മാറ്റി നിർത്താറുണ്ടെന്ന് നടൻ അപ്പാനി ശരത്. നല്ല കഥയും സംവിധായകരെയും പലപ്പോഴും ലഭിക്കാറുണ്ട്. എന്നാൽ സിനിമ നിർമാതാക്കളെ തേടി നടക്കേണ്ടി വരാറുണ്ടെന്നും അപ്പാനി ശരത് പറഞ്ഞു.
തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച നിരഞ്‌ജ് മണിയൻപിള്ള രാജു നായകനായ 'കാക്കിപ്പട' എന്ന ചിത്രത്തിന്‍റെ വിജയാഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു അപ്പാനി ശരത്. അവസരങ്ങൾ ലഭിച്ചാൽ മാത്രമേ സാറ്റലൈറ്റ് മൂല്യം വർധിപ്പിക്കുന്ന തരത്തിലുള്ള പ്രകടനം കാഴ്‌ച വയ്ക്കാൻ സാധിക്കൂ. താൻ നായകനായ റിലീസിന് ഒരുങ്ങുന്ന ചിത്രത്തിൽ ഇതേ കാരണത്താലാണ് താൻ കോ-പ്രൊഡ്യൂസറായതെന്നും അപ്പാനി ശരത് പറഞ്ഞു.
വളരെ ചെറിയ ബഡ്‌ജറ്റിൽ നിർമിച്ച കാക്കിപ്പടയെന്ന ചിത്രം വലിയ ചിത്രങ്ങൾക്കൊപ്പം റിലീസ് ചെയ്‌തിട്ടും പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിച്ചതെന്ന് ചിത്രത്തിന്‍റെ നായകൻ കൂടിയായ നിരഞ്‌ജ് മണിയൻപ്പിള്ള രാജു പറഞ്ഞു.