തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാഴ്‌ചയ്ക്കിടെ സജീവ കൊവിഡ് കേസുകളുടെ എണ്ണത്തിൽ 255 ശതമാനം വർധനവെന്ന് മുഖ്യമന്ത്രി പിണറായി വിജൻ. സംസ്ഥാനത്ത് ആകെയുള്ള ചിത്രം സ്ഥിതിഗതികൾ രൂക്ഷമാകുന്നുവെന്നതിന്‍റേതാണ്. ജനിതകമാറ്റം സംഭവിച്ച വൈറസുകളുടെ സാന്നിധ്യത്തെ ഗൗരവത്തോടെയാണ് കാണുന്നത്. ജനിതക മാറ്റം വന്ന വൈറസ് മൂലം രോഗവ്യാപന വേഗത കൂടുതൽ തീവ്രമാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
Read More: ജനിതകമാറ്റം വന്ന വൈറസ് വ്യാപകം,കൂടുതല്‍ ഓക്‌സിജന്‍ കിടക്കകള്‍ സജ്ജമാക്കും:മുഖ്യമന്ത്രി
രോഗവ്യാപനം കൂടുന്നതിന് ആനുപാതികമായി മരണസംഖ്യയും ഉയരും. ആരോഗ്യ മേഖലയ്ക്ക് താങ്ങാവുന്നതിലും അധികം രോഗികളുടെ എണ്ണം ഉയർന്നാൽ കൃത്യമായ ചികിത്സയും പരിചരണവും നൽകാൻ കഴിയില്ല.നിലവിലെ പ്രതിസന്ധി മറികടക്കാൻ ഇതുവരെ പിന്‍തുടർന്ന രോഗ പ്രതിരോധ മാർഗങ്ങൾ ശക്തമാക്കണം. ജനിതക വ്യതിയാനം വന്ന വൈറസുകൾക്കെതിരെ വാക്‌സിൻ ഫലപ്രദമല്ലെന്ന പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസ് നിരീക്ഷണം ശക്തമാക്കും. എല്ലാ ജില്ലകളിലേക്കും ഡ്രോൺ നിരീക്ഷണം വ്യാപിപ്പിക്കും. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കൊവിഡ് ബാധിത പ്രദേശങ്ങളിൽ അസുഖ ബാധിതരെയും ക്വാറൻ്റൈനിൽ കഴിയുന്നവരെയും നിരീക്ഷിക്കുന്നതിനും സഹായിക്കാനും തൃശൂരിൽ തുടങ്ങിയ വനിത ബുള്ളറ്റ് പട്രോൾ സംഘം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.