തിരുവനന്തപുരം : കെഎസ്‌യു നേതാവ് അൻസിൽ ജലീലിന്‍റെ പേരിലെ വ്യാജ ബിരുദ സർട്ടിഫിക്കറ്റിൽ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. അങ്ങനെ ഒരു സർട്ടിഫിക്കറ്റ് ഇല്ലെന്നും അത് വ്യാജമാണെന്നും മോഹനൻ കുന്നുമ്മൽ തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കേരള സർവകലാശാലയുടെ പേരിൽ ആര് വ്യാജ സർട്ടിഫിക്കറ്റ് ചമച്ചാലും നടപടിയെടുക്കേണ്ടതാണ്. പുറത്തുവന്ന വ്യാജ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന രജിസ്റ്റർ നമ്പറിൽ കേരള സർവകലാശാല ബിരുദ സർട്ടിഫിക്കറ്റ് ആർക്കും നൽകിയിട്ടില്ല.
ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്ത മാത്രമേ തെളിവായി സര്‍വകലാശാലയുടെ മുന്നിലുള്ളൂ. മറ്റാരും പരാതി തന്നിട്ടില്ല. പൊലീസാണ് ഈ വിഷയത്തിൽ നടപടിയെടുക്കേണ്ടത്. കൺട്രോളർ ഓഫ് എക്‌സാമിനറോട് ഇക്കാര്യം നേരിട്ട് ആവശ്യപ്പെട്ട് പരിശോധിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കെഎസ്‌യു സംസ്ഥാന നേതാവ് അൻസിൽ ജലീലിന്‍റെ പേരിലാണ് വ്യാജ സർട്ടിഫിക്കറ്റ് ചമച്ചത്. 2016ൽ കേരള സർവകലാശാലയിൽ നിന്ന് ബിരുദം നേടിയതായാണ് സർട്ടിഫിക്കറ്റ്.
2004 മുതൽ 2008 വരെ വൈസ് ചാൻസലറായിരുന്ന ഡോ. എം കെ രാമചന്ദ്രൻ നായരുടെതാണ് സർട്ടിഫിക്കറ്റിൽ കാണിച്ചിരിക്കുന്ന ഒപ്പ്. എന്നാൽ 2014 മുതൽ 2018 വരെ കേരള സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്നത് പി കെ രാധാകൃഷ്‌ണനാണ്. ഈ സംഭവത്തിന് പിന്നാലെയാണ് മോഹനൻ കുന്നുമ്മലിന്‍റെ പ്രതികരണം.
യുയുസിമാരെ അയോഗ്യരാക്കി : അതേസമയം സിൻഡിക്കേറ്റിന്‍റെ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് വിവിധ കോളജുകളിൽ നിന്നുള്ള 39 യുയുസിമാരെ (യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ) അയോഗ്യരാക്കി. യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരെ അയോഗ്യരാക്കേണ്ടി വന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിന് പുതിയ മാര്‍ഗ നിര്‍ദേശം നടപ്പിലാക്കും.
28 വയസ് പ്രായപരിധി എന്നത് കൃത്യമായി പരിശോധിക്കാന്‍ കോളജ് പ്രിന്‍സിപ്പല്‍മാരെ ചുമതലപ്പെടുത്തും. പ്രിന്‍സിപ്പല്‍മാര്‍ മത്സരിക്കുന്നവരുടെ വയസ് അടക്കമുള്ള മാനദണ്ഡങ്ങള്‍ പരിശോധിച്ച് സത്യവാങ്‌മൂലം നല്‍കണം. ബിഎഡ് കോളജുകളില്‍ വയസ് പരിധി കടന്നവരാണ് വിദ്യാര്‍ഥികളില്‍ അധികവും. അതിനാല്‍ അത്തരം കോളജുകളിലേക്ക് പുതിയ മാര്‍ഗ നിര്‍ദേശം നല്‍കും.
30 കോളജുകൾ ഇനിയും ഒരു മറുപടിയും നൽകിയിട്ടില്ല. മറുപടി നൽകിയ കോളജുകൾക്ക് 20 വരെ സമയം നീട്ടി നൽകിയിട്ടുണ്ട്. 20 നകം മറുപടി ലഭിച്ചില്ലെങ്കിൽ ആ കോളജുകളിൽ നിന്ന് യൂണിയൻ കൗൺസിലറെ തെരഞ്ഞെടുക്കില്ലെന്നും വൈസ് ചാൻസലർ വ്യക്തമാക്കി. 20 ന് ശേഷം യുയുസിമാരുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. പിഴ അടയ്ക്കാത്ത കോളജുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിസി പറഞ്ഞു.
റിസർച്ചേഴ്‌സ് ഫെസ്റ്റിവലുമായി കേരള സർവകലാശാല : കേരള സർവകലാശാല ഈ മാസം 19 മുതൽ 22 വരെ 'HEIGHTS 2023' എന്ന പേരിൽ റിസർച്ചേഴ്‌സ് ഫെസ്റ്റിവൽ സംഘടിപ്പിക്കും. സർവകലാശാലയുടെ ഗവേഷണ സ്ഥലങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലോകപ്രശസ്‌ത ശാസ്ത്രജ്ഞനായ ഡോ.ടെസി തോമസ് 19ന് വൈകിട്ട് 4.30ന് കാര്യവട്ടം കാമ്പസിൽ വച്ച് നടക്കുന്ന ചടങ്ങിൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ അധ്യക്ഷത വഹിക്കും. സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യും. ചടങ്ങിൽ പത്മശ്രീ ചെറുവയൽ രാമൻ വിശിഷ്‌ടാതിഥിയായി പങ്കെടുക്കും. ഫെസ്റ്റിനോട് അനുബന്ധിച്ച് നടക്കുന്ന പുസ്‌തകോത്സവം 19ന് രാവിലെ 10 മണിക്ക് ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. 19 മുതൽ 26 വരെയാണ് പുസ്‌തകോത്സവം. ഫെസ്റ്റിവലിന്‍റെ ഭാഗമായി വിവിധ കലാപരിപാടികളും വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങളും നടക്കും.