തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായത് സംബന്ധിച്ച വ്യാജ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. തീപിടിത്തത്തില്‍ പ്രധാന ഫയലുകള്‍ കത്തി നശിച്ചുവെന്ന് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെയാണ് സര്‍ക്കാര്‍ നിയമനടപടിക്കൊരുങ്ങുന്നത്. ക്രിമിനല്‍ നടപടി ചട്ടം 199(2) പ്രകാരമാണ് നിയമനടപടി സ്വീകരിക്കുക. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
വ്യാജ വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് രണ്ടു ദിവസം മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അതിനാല്‍ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നില്ലെന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് വ്യാജ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് മാധ്യമങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. മാധ്യമങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കുന്നത് സംബന്ധിച്ച് നിയമവകുപ്പിനോടും സര്‍ക്കാര്‍ അഭിപ്രായം തേടിയിട്ടുണ്ട്.