തിരുവനന്തപുരം : യൂണിവേഴ്‌സിറ്റികളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും, പിരിഞ്ഞുപോവാൻ തയ്യാറാകാത്ത പ്രവര്‍ത്തകർക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തിയതോടെ പൊലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
എബിവിപി പ്രവർത്തകർ പൊലീസിന് നേരെ കല്ലും ചെരിപ്പും വലിച്ചെറിഞ്ഞു. സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് സംസ്ഥാന സെക്രട്ടറി ശ്രീഹരി ഉൾപ്പടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റുചെയ്‌തുനീക്കി. വ്യാജ സർട്ടിഫിക്കറ്റ് കേസിൽ വിദ്യയെ അറസ്റ്റ് ചെയ്യുക, സർവകലാശാല പാർട്ടി ഓഫിസ് ആക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളും മാർച്ചിൽ എബിവിപി ഉന്നയിച്ചു.
അതേസമയം, വ്യാജരേഖ ചമച്ച് ജോലി നേടാൻ ശ്രമിച്ചെന്ന കേസിൽ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വ്യാജരേഖ ചമച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ നല്‍കിയത്. ഹർജിയിൽ സിംഗിൾ ബഞ്ച് സർക്കാരിന്‍റെ നിലപാട് തേടിയിട്ടുണ്ട്. വെള്ളിയാഴ്‌ചയാണ് വിദ്യ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
വിദ്യയെ പിടികൂടാനാവാതെ പൊലീസ് : രാഷ്ട്രീയ ലക്ഷ്യത്തോടെ എടുത്തിട്ടുള്ള കള്ളക്കേസാണിത്. അന്വേഷണവുമായി സഹകരിക്കും. ഏത് വ്യവസ്ഥയും അംഗീകരിക്കാൻ തയ്യാറാണ്. ജാമ്യം അനുവദിക്കണമെന്നും മുൻകൂർ ജാമ്യഹർജിയിൽ വിദ്യ വാദിച്ചു. ഇക്കഴിഞ്ഞ ആറിനാണ് എറണാകുളം സെൻട്രൽ പൊലീസ്, വ്യാജരേഖ ചമയ്ക്കൽ കുറ്റമടക്കം ചുമത്തി വിദ്യയ്‌ക്കെതിരെ കേസെടുത്തത്. നിലവിൽ ഒളിവിൽ കഴിയുകയാണ് ഇവര്‍. മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് നിര്‍മിച്ചുവെന്നാണ് കേസ്.
അട്ടപ്പാടി സർക്കാർ കോളജിൽ ഇന്‍റര്‍വ്യൂ വേളയില്‍ അധികൃതര്‍ക്ക് സംശയം തോന്നിയതാണ് വഴിത്തിരിവായത്. പിന്നീട് മഹാരാജാസ് കോളജ് പ്രിൻസിപ്പാള്‍, രേഖകൾ വ്യാജമെന്ന് സ്ഥിരീകരിക്കുകയുമുണ്ടായി. എറണാകുളം മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ച സംഭവത്തില്‍ കെ വിദ്യയ്‌ക്കും എസ്എഫ്ഐക്കുമെതിരെ ആരോപണം കടുപ്പിച്ച് കെഎസ്‌യുവും രംഗത്തെത്തിയിരുന്നു. ജൂണ്‍ 10ന്, കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി മുഹമ്മദ് ഷമ്മാസാണ് ഇതുസംബന്ധിച്ച ആരോപണവുമായി രംഗത്തെത്തിയത്.
വ്യാജരേഖ തയ്യാറാക്കിയത് വിദ്യ എസ്എഫ്ഐ ഭാരവാഹി ആയിരിക്കെയാണ്. എസ്എഫ്ഐ സംസ്ഥാന നേതാക്കളുമായി ആത്മബന്ധമുള്ള ഇവര്‍, 2018 ഡിസംബർ മുതൽ 2019 ഡിസംബർ വരെ കാലടി സംസ്‌കൃത സർവകലാശാല സെന്‍ററിൽ എംഫിൽ ചെയ്‌തിട്ടുണ്ട്. അതേകാലയളവിൽ, തന്നെ 2019 ജൂൺ മുതൽ നവംബർ വരെ കാലടി ശ്രീശങ്കരാചാര്യ കോളജിൽ മലയാളം ഡിപ്പാർട്ട്മെന്‍റ് ഗസ്റ്റ് ലക്‌ചററായി ജോലി ചെയ്‌തു.
യൂണിവേഴ്‌സിറ്റിയുടെ നിയമങ്ങൾ പാലിക്കാതെ ഒരു സ്ഥലത്ത് വിദ്യാർഥിയായും മറ്റൊരു സ്ഥലത്ത് അധ്യാപികയായും പ്രവർത്തിച്ചു. യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫെലോഷിപ്പും കോളജിൽ നിന്ന് ശമ്പളവും ഒരേസമയം കൈപ്പറ്റി. വിദ്യ, എസ്എഫ്ഐക്കാരി ആയിരിക്കുമ്പോൾ അല്ലല്ലോ ഇത്തരം തട്ടിപ്പുകളൊന്നും കാണിച്ചതെന്നാണ് നേതാക്കള്‍ നേരത്തേ വാദിച്ചത്. സിപിഎം നേതാക്കളും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയുമടക്കം ഇത് ആവർത്തിച്ച് പറയുകയും വെല്ലുവിളിക്കുകയും ചെയ്‌തിരുന്നു. എന്നാൽ, ആ വാദം പൊളിഞ്ഞെന്നും ഷമ്മാസ് പറഞ്ഞു.