തിരുവനന്തപുരം : ഇസ്രയേലില്‍ മുങ്ങിയ കണ്ണൂര്‍ സ്വദേശിയായ കര്‍ഷകന്‍ ബിജു കുര്യനെ കണ്ടെത്തിയതായി കൃഷി മന്ത്രി പി. പ്രസാദ്. ഇയാള്‍ തിങ്കളാഴ്‌ച (27-2-2023) കേരളത്തിലെത്തുമെന്ന് സഹോദരന്‍ അറിയിച്ചതായും കൃഷി മന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്‍റെ സംഘത്തിനൊപ്പം നടത്തിയ സന്ദര്‍ശനത്തിനിടെയാണ് ഈ മാസം 17 ന് ബിജു ഇസ്രയേലില്‍ നിന്നും മുങ്ങിയത്.
അതേസമയം സര്‍ക്കാര്‍ സംഘത്തില്‍ നിന്നും മുങ്ങിയതല്ലെന്നും ഇസ്രയേലിലെ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയതാണെന്നുമാണ് ബിജു തന്നോട് പറഞ്ഞതെന്ന് സഹോദരന്‍ ബെന്നി ഇരിട്ടി അറിയിച്ചു. എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബിജു തന്നെ വിളിച്ചതായും നാളെ കോഴിക്കോട്ട് എത്തുമെന്നും സഹോദരന്‍ വ്യക്‌തമാക്കി.
ആധുനിക കൃഷി രീതികള്‍ നേരിട്ട് കണ്ട് പഠിക്കുന്നതിന് വേണ്ടിയായിരുന്നു കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ബി അശോകിന്‍റെ നേതൃത്വത്തില്‍ 27 പേരടങ്ങുന്ന കര്‍ഷക സംഘം ഈ മാസം 12 ന് ഇസ്രയേലിലേക്ക് പോയത്. സന്ദര്‍ശന വേളയില്‍ കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ബിജു കുര്യന്‍ എന്ന കര്‍ഷകനെ സംഘത്തില്‍ നിന്നും കാണാതാവുകയായിരുന്നു.
പിന്നീടാണ് ഇയാള്‍ മുങ്ങിയതാണെന്നും പാസ്‌പോര്‍ട്ട് അടക്കം കയ്യില്‍ കരുതിയിരുന്നുവെന്നും തിരിച്ചറിഞ്ഞത്. തെരച്ചിലിനിടെ, ബിജു കുര്യന്‍ വീട്ടിലേക്ക് വിളിച്ച് താന്‍ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബിജു കുര്യനില്ലാതെ കര്‍ഷക സംഘം ഫെബ്രുവരി 20 ന് തിരികെ ഇന്ത്യയിലെത്തിയിരുന്നു.
പിന്നാലെ ബിജുവിന്‍റെ വിസ റദ്ദാക്കണമെന്ന് കേരള സര്‍ക്കാര്‍ ഇന്ത്യന്‍ എംബസി വഴി ആവശ്യപ്പെട്ടിരുന്നു. മെയ് 8 വരെ കാലാവധിയുണ്ടായിരുന്ന ബിജുവിന്‍റെ വിസ റദ്ദാക്കപ്പെടുമെന്ന് കണ്ടതോടെയാണ് ഇയാൾ തിരികെ പോരാന്‍ തീരുമാനിച്ചതെന്നാണ് സൂചന.