തിരുവനന്തപുരം : മാർച്ച് ഏഴിന് നടക്കുന്ന ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങൾ. കൊവിഡ് നിയന്ത്രണങ്ങളില്ലാത്ത ആറ്റുകാൽ പൊങ്കാലയ്ക്ക് മുൻവർഷങ്ങളെ അപേക്ഷിച്ച് ഭക്തജനങ്ങൾ ഏറുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് വന്‍ സജ്ജീകരണങ്ങള്‍ ഒരുക്കുന്നത്. പൊങ്കാല ദിനത്തിൽ സുരക്ഷാംസംവിധാനങ്ങള്‍ ഉറപ്പാക്കും. കൂടാതെ ഭക്ഷ്യ സുരക്ഷ, യാത്രാസൗകര്യം, ചികിത്സാസേവനം എന്നിവയും ലഭ്യമാക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
മന്ത്രി ആന്‍റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, ജില്ല കലക്‌ടർ ജെറോമിക് ജോർജ് ഐഎഎസ്, സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു ചകിലം ഐപിഎസ് എന്നിവർ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. പൊങ്കാല മഹോത്സവുമായി ബന്ധപ്പെട്ട് സർക്കാരും നഗരസഭയും ചേർന്ന് 8.39 കോടിരൂപ ചെലവിടുമെന്നും സുരക്ഷ ഉറപ്പാക്കുന്നതിന് ജില്ലയിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിക്കുമെന്നും മന്ത്രി അറിയിച്ചു.
തിരക്ക് നിയന്ത്രിക്കുന്നതിന് 2000 പുരുഷ പൊലീസിനെയും 750 വനിത പൊലീസിനെയും നിയോഗിക്കുമെന്നും വി.ശിവൻകുട്ടി വ്യക്തമാക്കി. കെഎസ്ആർടിസി അധിക സർവീസുകൾ നടത്തുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു. ഇതിനായി പ്രത്യേകം കൺട്രോൾ റൂമുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഉത്സവ മേഖലയിൽ ട്രാൻസ്‌ഫോർമർ, ലൈറ്റുകൾ, എൽഇഡി ബൾബുകൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ഭക്ഷണ വിതരണത്തിന് ഭക്ഷ്യസുരക്ഷാവകുപ്പ് ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. നഗരസഭയുടെ ഹെൽത്ത് സ്‌ക്വാഡിന്‍റെ സജീവ പ്രവർത്തനവും ഉണ്ടാകും. ഉത്സവ മേഖലയിൽ ലീഗൽ മെട്രോളജി സ്‌ക്വാഡുകളുടെ സജീവ പ്രവർത്തനം ഉറപ്പാക്കും. മാത്രമല്ല ഉത്സവ മേഖലയിൽ ഫയർ ആന്‍ഡ് റെസ്‌ക്യൂവിന്‍റെ ആറ് കൺട്രോൾ റൂമുകളും പ്രവർത്തനം നടത്തും.
പൊങ്കാലയോടനുബന്ധിച്ച് ഡ്യൂട്ടിക്കായി ഫീൽഡിൽ 15 സ്‌റ്റേഷൻ ഓഫിസർമാരും, 10 സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഉദ്യോഗസ്ഥരും, 110 സിവിൽ ഡിഫൻസ് വളന്‍റിയർമാരുമുണ്ടാകും. രജിസ്റ്റര്‍ ചെയ്തവർക്ക് മാത്രമേ ഭക്ഷണവും വെള്ളവും നൽകാൻ അനുവദിക്കുകയുള്ളൂ. 24 മണിക്കൂറും മെഡിക്കൽ ടീമിന്‍റെ സേവനവും ആംബുലൻസ് സൗകര്യവും ഉറപ്പാക്കും.