ആര്യനാട് പഞ്ചായത്തിലെ കൊക്കോട്ടേലയിൽ കരമനയാറിനോട് ചേർന്നാണ് അനധികൃത നിർമ്മാണം നടക്കുന്നത്. പഞ്ചായത്ത് അധികൃതരുടെ അനുമതി ഇല്ലാതെയാണ് നിർമ്മാണം നടക്കുന്നത്. പച്ചക്കറി കൃഷി, മൽസ്യം, കന്നുകാലി, കോഴി വളർത്തൽ എന്നിവ നടത്തുന്നു എന്നാണ് നാട്ടുകാരെ കരാറുകാര്‍ അറിയിച്ചത്. എന്നാല്‍ റിസോർട്ട് നിർമ്മാണം ആണ് നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
സർക്കാർ ഭൂമി കയ്യേറിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. ആറിന്‍റെ സമീപത്ത് നിന്നും മണൽ ഖനനം നടത്തിയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത്. ഇത് കടവില്‍ കുളിക്കാനെത്തുന്നവര്‍ക്ക് അപകടം ഉണ്ടാക്കാനുളള സാധ്യതയേറെയാണ്. സംഭവം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ രംഗത്ത് എത്തി തടഞ്ഞെങ്കിലും ഇവര്‍ക്കെതിരെ സ്ഥലം ഉടമകള്‍ കേസ് കൊടുത്തു. തുടര്‍ന്ന് ഒപ്പ് ശേഖരണം നടത്തി നാട്ടുകാർ പഞ്ചായത്ത് അധികൃതരെ സമീപിക്കുകയായിരുന്നു.
ഇതിനെതുടര്‍ന്ന് സെക്രട്ടറി അന്വേഷണം നടത്തി പമ്പ് സെറ്റ് നീക്കം ചെയ്യാന്‍ നടത്തിപ്പുകാരോട് ആവശ്യപ്പെട്ടു. പക്ഷെ കരാറുകാര്‍ അതിന് തയ്യാറായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അതേസമയം ആര്യനാട് ഗ്രാമ പഞ്ചായത്തിൽ നിന്നും കെട്ടിടം പണിയുന്നതിനായി ഉടമ നല്‍കിയ അപേക്ഷ ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിട്ടില്ലെന്നും സെക്രട്ടറി എസ് ജയന്തി പറഞ്ഞു. റവന്യൂ അധികൃതർ എത്തി സർക്കാർ ഭൂമി ഉണ്ടോ എന്ന് അളന്നു തിട്ടപ്പെടുത്തിയ ശേഷം നടപടി എടുക്കാം എന്നാണ് അധികൃതർ പറയുന്നത്.