തിരുവനന്തപുരം: പൊന്നാനിയിലെയും കുറ്റ്യാടിയിലെയും സി.പി.എം പ്രാദേശിക പ്രതിഷേധങ്ങള്‍ തള്ളി പാര്‍ട്ടി സെക്രട്ടറി എ.വിജയരാഘവന്‍. പാര്‍ട്ടി ഒരു പൊതു നിലപാട് സ്വീകരിച്ചാല്‍ അതിനൊപ്പം നില്‍ക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെയ്യേണ്ടത്. വ്യത്യസ്തമായ പല ഘടകങ്ങളും പരിശോധിച്ചാണ് പാര്‍ട്ടി ഒരു പൊതു നിലപാടിലേക്കെത്തുന്നത്. ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ പ്രാദേശികമായ വികാരങ്ങള്‍ ഉയരുന്നത് സ്വാഭാവികമാണ്. രണ്ടു തവണ എന്നത് ആരെയും ഒഴിവാക്കലല്ല. മറ്റുള്ളവര്‍ക്ക് അവസരം നല്‍കലാണ്. അങ്ങനെയല്ലെന്നു വരുത്താനാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ഇരിങ്ങാലക്കുടയില്‍ പ്രൊഫ.ബിന്ദുവിനെ പരിഗണിച്ചത് മികച്ച പ്രവര്‍ത്തന പാരമ്പര്യം കണക്കിലെടുത്താണ്. അവിടെ സിറ്റിങ് എം.എല്‍.എയെ ബിന്ദുവിന് വേണ്ടി ഒഴിവാക്കി എന്ന ആരോപണവും ശരിയല്ല. രണ്ടു തവണ മത്സരിക്കാത്ത വേറെയും സിറ്റിങ് എം.എല്‍.എ മാരെ ഒഴിവാക്കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എന്ന നിലയിലാണ് ജോസ് കെ.മാണിക്ക് 13 സീറ്റു നല്‍കിയത്. അവരെ നെടുകെ പിളര്‍ന്ന കേരള കോണ്‍ഗ്രസ് എന്നൊക്കെ വിശേഷിപ്പിക്കുന്നത് ചിലരുടെ വീക്ഷണത്തിന്‍റെ കുഴപ്പം കൊണ്ടാണെന്നും വിജയരാഘവന്‍ പറഞ്ഞു.