തിരുവനന്തപുരം: നെയ്യാർ ഡാം ലയണ്‍ സഫാരി പാർക്കിൽ ഗുജറാത്തിലെ ഗീർ വനത്തിൽ നിന്നും എത്തിച്ച 12 വയസുള്ള സിംഹം ചത്തു. നാഗരാജൻ എന്ന സിംഹത്തെയാണ് ഇന്ന് രാവിലെയോടെ പാർക്കിലെ കൂട്ടിൽ ചത്ത നിലയിൽ കണ്ടെത്തിയത്. ഒരാഴ്ചയോളമായി സിംഹം കൂട്ടിൽ കയറാതെ നടന്നിരുന്നു. ഇന്ന് രാവിലെ ജീവനക്കാർ എത്തിയപ്പോൾ ആണ് സിംഹത്തെ ചത്ത നിലയിൽ കാണുന്നത്.
2019 സെപ്റ്റംബറിൽ ആണ് ഗുജറാത്തിലെ ബാഗ് മൃഗശാലയിൽ നിന്നും നാഗരാജനെയും രാധ എന്ന പെൺസിംഹത്തെയും തലസ്ഥാനത്ത് എത്തിച്ചത്. യാത്രയിൽ ഉണ്ടായ പ്രശ്നങ്ങൾ കാരണം രാധ തിരുവനന്തപുരം മൃഗശാലയിൽ വച്ചു തന്നെ ചത്തു. തുടർന്ന് സഫാരി പാർക്കിലേക്ക് നാഗരാജനെ എത്തിച്ചു. ഇവിടെ കുറച്ചു ദിവസം നിരീക്ഷണത്തിനും പരിചാരകരുമായി ഇണങ്ങുന്നതിനും വേണ്ടി പ്രത്യേക കൂട്ടിൽ പാർപ്പിച്ചു. ശേഷം സ്വതന്ത്ര ആവാസ വ്യവസ്ഥ എന്ന നിലക്ക് കൂടു തുറന്ന് പാർക്കിനുള്ളിൽ വിട്ടു. എന്നാൽ സിംഹത്തിന് അസ്വാസ്ഥ്യങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് ഒരു ഡോക്ടറെയും ജീവനക്കാരനെയും നാഗരാജന്‍റെ പരിചരണത്തിനായി നിയോഗിച്ചു. എന്നാൽ മറ്റൊരിടത്ത് നിന്നും മാറ്റി പാര്‍പ്പിച്ച സിംഹത്തിന് വേണ്ടത്ര പരിചരണം ലഭിച്ചില്ല എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.
Also Read: പെരുമ്പള്ളിയിൽ 19 മലമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി
പതിനെട്ട് സിംഹങ്ങൾ ഉണ്ടായിരുന്ന ഇവിടെ വന്ധ്യംകരണം നടത്തിയതോടെ വാർദ്ധക്യം ചെന്ന് സിംഹങ്ങൾ ഒക്കെയും ചത്തു. ഇപ്പോൾ സഫാരി പാർക്കിൽ 20 വയസിനോട് അടുത്ത് പ്രായമുള്ള ബിന്ദു എന്ന പെൺ സിംഹവും ചികിത്സയ്ക്കായി ഇവിടെ എത്തിച്ചിട്ടുള്ള രണ്ടു കടുവയും മാത്രമാണ് ഉള്ളത്. വയനാട്ടിൽ നിന്നും എത്തിച്ച ഒരു കടുവ കൂട്ടിൽ നിന്നും ചാടിപോയത് പരിഭ്രാന്തി പരത്തിയിരുന്നു.