തിരുവനന്തപുരം: എന്തിനേയും ആത്മവിശ്വാസത്തോടെ നേരിടുന്ന മനുഷ്യന്‍. ഓഖിയേയും മഹാപ്രളയത്തേയും അതിജീവിച്ചപ്പോഴും കൊവിഡ് മഹാമാരിയെ ഒറ്റക്കെട്ടായി നേരിടുമ്പോഴും കേരളത്തെ നയിക്കേണ്ട നിയോഗം കാലം കാത്തുവച്ചത് പിണറായി വിജയനായിരുന്നു. രാജ്യത്തിനകത്തും പുറത്തും കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ചര്‍ച്ചയാകുമ്പോഴാണ് പിണറായിയുടെ ജന്മദിനം.
കൊവിഡിന് മുന്നില്‍ വികസിത രാജ്യങ്ങള്‍ പോലും വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ ആശങ്ക തെല്ലും പ്രകടിപ്പിക്കാതെ വൈകുന്നേരം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്ന മുഖ്യമന്ത്രി മലയാളികള്‍ക്ക് പുതിയൊരു അനുഭവമാണ്. മാധ്യമങ്ങളെ അകറ്റി നിര്‍ത്തുന്ന കാര്‍ക്കശ്യക്കാരനായ പിണറായി എന്ന നേതാവില്‍ നിന്ന് കൊവിഡ് പോരാട്ടത്തിലെ ഓരോ ദിവസത്തേയും ഇടപെടലുകള്‍ വിശദീകരിക്കുന്ന മുഖ്യമന്ത്രിയിലേക്കുള്ള മാറ്റം അത്ര ചെറുതായിരുന്നില്ല.
നാല് വര്‍ഷം മുമ്പ് മെയ് 25 ഇടത് മന്ത്രിസഭ അധികാരമേറ്റതിന്‍റെ തലേദിവസമാണ് പിണറായിയുടെ പിറന്നാള്‍ ലോകമറിഞ്ഞത്. അന്നും ഇന്നും പിറന്നാള്‍ ആഘോഷം പതിവില്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാവിന് എന്ത് പിറന്നാളെന്നാണ് പലപ്പോഴും അദ്ദേഹം നല്‍കുന്ന മറുപടി.
ദാരിദ്ര്യം നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു ജനനം. കോളജ് വിദ്യാഭ്യാസത്തിന് ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിറന്നു വീണ പിണറായിയെ പേരിനു മുന്നില്‍ ചേര്‍ത്ത് വിജയന്‍ നടന്നത് നിയമസഭയിലേക്കായിരുന്നു. ഇരുപത്തിയാറാം വയസിലായിരുന്നു കൂത്തുപറമ്പില്‍ നിന്ന് നിയമസഭയിലെത്തിയത്. 1977ലും 1991ലും 1996ലും നിയമസഭയിലേക്ക് അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 1996ല്‍ ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതമന്ത്രിയായിരുന്ന രണ്ട് വര്‍ഷത്തെ പിണറായിയുടെ പ്രകടനം പ്രശംസ നേടിയെടുത്തു. 1998ല്‍ ചടയന്‍ ഗോവിന്ദന്‍ മരിക്കുന്നതോടെ സിപിഎം സംസ്ഥാന സെക്രട്ടറിയായി. തുടര്‍ന്ന് പതിനഞ്ച് വര്‍ഷം ആ സ്ഥാനത്ത് മറ്റൊരു പേര് ഉയര്‍ന്ന് വന്നില്ല. കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ലാവ്‌ലിന്‍ കരാറുമായി ബന്ധപ്പെട്ട അഴിമതി ആരോപണം എതിരാളികള്‍ ആയുധമാക്കുന്നത് ഇന്നും തുടരുന്നു.
പ്രതിസന്ധികളെ വെല്ലുവിളിയായി എടുത്തു മുന്നേറുന്ന കേരളം ഏറ്റവും സുരക്ഷിത ഇടമെന്ന് പേര് നേടുമ്പോള്‍ നാട് നല്‍കുന്ന പിന്തുണയാണ് ഇക്കാലയളവില്‍ പിണറായി നേടിയ വിജയം. നാടിന്‍റെ ചെറുത്തുനില്‍പിന് 75 വയസിന്‍റെ അനുഭവസമ്പത്തും ചേരുമ്പോള്‍ അതിജീവനത്തിന്‍റേയും ആത്മവിശ്വാസത്തിന്‍റേയും പ്രതീകമായി പിണറായി മാറി. രാജ്യത്തെ ഏക ഇടതുപക്ഷ മുഖ്യമന്ത്രി നയിക്കുന്ന കൊവിഡിനെതിരായ പോരാട്ടവും ചരിത്രത്തിലിടം നേടുമെന്നത് ഉറപ്പ്.