തിരുവനന്തപുരം : വിഴിഞ്ഞത്ത് 65കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതില്‍ ദുരൂഹത. വെണ്ണിയൂർ നേടിഞ്ഞാൽ ചരുവിള വീട്ടിൽ ശാന്തയെയാണ് വെള്ളിയാഴ്‌ച മരിച്ച നിലയിൽ കണ്ടത്. വീടിനുള്ളിൽ രക്തക്കറ കാണപ്പെട്ടതും സൂക്ഷിച്ചിരുന്ന സ്വർണവും പണവും കാണാതായതുമാണ് ദുരൂഹത വർധിപ്പിക്കുന്നത്.
മകൾ ബിന്ദുവിനൊപ്പമാണ് ശാന്ത താമസിച്ചിരുന്നത്. വെള്ളിയാഴ്‌ച മകൾ ആശുപത്രിയിൽ പോയിരുന്നു. ബിന്ദുവിന്‍റെ ഭർത്താവ് സജു നിർമാണ തൊഴിലാളിയാണ്. സജുവും ജോലിക്ക് പോയിരുന്നു. ഈ സമയം ശാന്ത വീട്ടിൽ ഒറ്റയ്ക്കായിരുന്നു.
ALSO READ: മോന്‍സണ്‍ മാവുങ്കലിനെതിരെ ഇടുക്കിയില്‍ കൂടുതല്‍ പരാതികള്‍
വൈകിട്ട് വീട്ടിലെത്തിയ ബിന്ദു അമ്മയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ശാന്തയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. വിഴിഞ്ഞം ഫയർഫോഴ്‌സ് എത്തി ശാന്തയെ പുറത്തെടുത്ത ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു.
എന്നാൽ വീടിനുള്ളിൽ രക്തക്കറ കണ്ടതും വസ്‌തുവിറ്റ് സൂക്ഷിച്ചിരുന്ന അഞ്ച് ലക്ഷം രൂപയും എട്ട് പവന്‍ സ്വർണവും കാണാതായതും ദുരൂഹത വർധിപ്പിച്ചു. തുടർന്ന് വിഴിഞ്ഞം പൊലീസിൽ കുടുംബം പരാതി നൽകി.
കിണറ്റിലെ വല ഇളകിക്കിടന്നതാണ് മൃതദേഹം കണ്ടെത്താൻ സഹായിച്ചതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. വിരലടയാള വിദഗ്‌ധരും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമായേക്കുമെന്നും സ്ഥലം സന്ദർശിച്ച ഫോർട്ട് എ.സി എസ്. ഷാജി പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.