തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടക്കമായി. സർക്കാരിന്‍റെ നേട്ടങ്ങൾ വിവരിച്ചാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. അഭിമാനകരമായ സാമ്പത്തിക വളര്‍ച്ച സംസ്ഥാനം നേടിയെന്നും റിസവർവ് ബാങ്കിന്‍റെ റിപ്പോർട്ട് പ്രകാരം കേരളം സാമ്പത്തികമായി മുന്നേറുകയാണെന്നും ഗവർണർ നയ പ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
എല്ലാ മേഖലകളിലും മുന്നില്‍: സുസ്ഥിര വികസനത്തിൽ നിതി ആയോഗ് പട്ടികയിൽ കേരളം മുന്നിലാണ്. അതിദാരിദ്ര്യം ഒഴിവാക്കാന്‍ സംസ്ഥാനം ശ്രദ്ധേയ പരിശ്രമം നടത്തുകയാണ്. 65000ത്തിൽ അധികം അതിദരിദ്രകുടുംബം കേരളത്തിൽ ഉണ്ട്. അതായത് 0.77 ശതമാനം ദരിദ്രകുടുംബങ്ങൾ. ഏറ്റവും ദരിദ്രരുടെ കൈപിടിച്ചുയർത്താൻ സർക്കാർ പ്രതിജ്ഞബദ്ധമാണെന്നും സാമൂഹിക ശാക്തീകരണത്തില്‍ സംസ്ഥാനം മാതൃകയാണെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
ഗ്രാമപഞ്ചായത്തുകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്നു. രാജ്യത്ത് തൊഴിൽ നൽകുന്നതിൽ കേരളം മൂന്നാം സ്ഥാനത്താണ്. തൊഴിൽ ഇല്ലായ്‌മ ഇല്ലാതാക്കാൻ സർക്കാർ പരിശ്രമിക്കുകയാണെന്നും അഞ്ച് വർഷം കൊണ്ട് 20 ലക്ഷം തൊഴിൽ നൽകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കൃഷി, വ്യവസായം, വിദ്യാഭ്യാസം: വ്യവസായത്തിലും നിക്ഷേപങ്ങളിലും സംസ്ഥാനം മുന്നേറുന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും സംസ്ഥാനം മികവ് പുലർത്തുന്നു. വ്യവസായത്തിലും നിക്ഷേപങ്ങളിലും സംസ്ഥാനം മുന്നേറുന്നുവെന്നും നിക്ഷേപ സൗഹൃദ സംസ്ഥാനമായി തുടരുന്നുവെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
കാർഷിക മേഖലയിൽ പുതിയ ഉണർവ് ഉണ്ടാകും. കൃഷി രീതികൾ നവീകരിക്കുമെന്നും 2023ലെ ബജറ്റിലൂടെ കാർഷിക മേഖലയെ നവീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളുടെ സാമുഹ്യ സുരക്ഷ ഉറപ്പാക്കും. മത്സ്യത്തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും.
ഉന്നത വിദ്യാഭ്യാസ മേഖല ശാക്തീകരിക്കുമെന്നും കൂടുതൽ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങിളിൽ എൻഎസി അക്രഡിഷൻ കൊണ്ട് വരാൻ സാധിച്ചുവെന്നും പറഞ്ഞ അദ്ദേഹം വിജ്ഞാന സമ്പദ് വ്യവസ്ഥയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും അറിയിച്ചു.
മികച്ച 'സര്‍ക്കാര്‍': കേരളത്തിൽ ശിശു മരണനിരക്ക് കുറയ്ക്കാൻ സാധിച്ചു. കേരളമാണ് ഇന്ത്യയിൽ ആദ്യമായി നൂറു ശതമാനം റേഷൻകാർഡ് ആധാറുമായി ബന്ധിപ്പിച്ച ആദ്യ സംസ്ഥാനം. സംസ്ഥാനത്തെ എല്ലാ പട്ടികവർഗ സെറ്റിൽമെന്‍റ് കോളനികളിലും ആവശ്യമായ വെള്ളവും വൈദ്യുതി ഇന്‍റർനെറ്റും എത്തിക്കാൻ സർക്കാരിന് സാധിച്ചുവെന്നും അട്ടപ്പാടിയിലും ഇടമലക്കുടിയിലും മൊബൈൽ ക്ലിനിക്കുകൾ സാപിക്കാൻ കഴിഞ്ഞുവെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ കൂട്ടിച്ചേര്‍ത്തു.
'സ്വീകരണം ഗംഭീരം': നയപ്രഖ്യാപന പ്രസംഗത്തിനായി 8.45 ന് രാജ്ഭവനിൽ നിന്ന് പുറപ്പെട്ട ഗവർണർ 8.52ന് നിയമസഭയുടെ കിഴക്കേക്കവാടത്തിലെത്തി. തുടർന്ന് ഗവർണറെ മുഖ്യമന്ത്രി, സ്‌പീക്കർ, പാർലമെന്‍ററികാര്യ മന്ത്രി എന്നിവർ ചേർന്ന് സഭയ്ക്കുള്ളിലേക്ക് ആനയിക്കുകയായിരുന്നു.
നിയമസഭ കലണ്ടറിലെ ദൈര്‍ഘ്യമേറിയ സമ്മേളനമാണ് ഇത്. പ്രധാനമായും 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പാസാക്കുന്നതിനായി ചേരുന്ന ഈ സമ്മേളനം ജനുവരി 23 മുതല്‍ മാര്‍ച്ച് 30 വരെയുള്ള കാലയളവില്‍ ആകെ 33 ദിവസം ചേരുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.