പത്തനംതിട്ട: രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം നടക്കുന്ന ആറന്മുള ജലോത്സവം ഏറ്റവും മികച്ച രീതിയില്‍ നടത്തണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വള്ളംകളി മികച്ച രീതിയില്‍ നടത്തുന്നതിന് വ്യക്തികളും വകുപ്പുകളും പങ്കാളികളാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഉത്രട്ടാതി ജലോത്സവത്തിന്‍റെ അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ മാസം 11 നാണ് ഉത്രട്ടാതി ജലോത്സവം. രാവിലെ പത്തിന് ജില്ല കലക്‌ടര്‍ ഡോ. ദിവ്യ എസ് അയ്യർ പതാക ഉയർത്തുകയും ഉച്ചയ്‌ക്ക് ഒരു മണിക്ക് ജലഘോഷയാത്രയ്‌ക്ക് തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു. പൊതു ജനങ്ങൾക്കൊപ്പം ഐക്കര ജങ്‌ഷനിലെ വ്യാപാര സ്ഥാപനങ്ങൾ ദീപാലങ്കാരം ചെയ്യുവാൻ വേണ്ട നിർദേശം നൽകാൻ ആറന്മുള പഞ്ചായത്തിനെ ചുമതലപ്പെടുത്തി.
വാട്ടർ സ്റ്റേഡിയത്തിലെ മൺപുറ്റുകളും കടവുകളിലെ ചെളിയും മേജർ ഇറിഗേഷൻ വകുപ്പ് കൂടുതൽ ജോലിക്കാരെ നിയോഗിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്യണം. തിരുവല്ല, ചെങ്ങന്നൂർ, പന്തളം, പത്തനംതിട്ട, മല്ലപ്പള്ളി, അടൂർ, റാന്നി എന്നിവിടങ്ങളിൽ നിന്നും കെഎസ്‌ആർടിസി ആവശ്യമായ സർവിസ് നടത്തണമെന്നും മന്ത്രി പറഞ്ഞു.
പമ്പയുടെ ജലവിതാനം കുറയുന്ന പക്ഷം മണിയാർ ഡാമിൽ നിന്നും ജലം തുറന്ന് വിട്ട് പി ഐ പി ജലനിരപ്പ് ക്രമീകരിക്കണം. ക്ഷേത്രത്തിന്‍റെ കിഴക്കേനട റോഡിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് പൊതുമരാമത്ത് (നിരത്ത്) വിഭാഗം നടപടി സ്വീകരിക്കണം. ആറന്മുളയിലെയും സമീപ പഞ്ചായത്തുകളിലെയും വഴി വിളക്ക് പ്രകാശിപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് കെഎസ്‌സിബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
619 ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സുരക്ഷ സംവിധാനമാണ് ജലോത്സവ ദിവസം പൊലീസ് ഒരുക്കുന്നത്. 50 ഉദ്യോഗസ്ഥരെയും മൂന്ന് സ്‌കൂബ ടീമിനെയും ഫയർഫോഴ്‌സ് വിന്യസിക്കും. ആംബലുൻസ്, മെഡിക്കൽ ടീമടക്കമുള്ള സംവിധാനങ്ങൾ ജില്ല മെഡിക്കൽ ഓഫിസർ ഒരുക്കും. ഈ വര്‍ഷത്തെ ജലമേളയില്‍ 50 പള്ളിയോടങ്ങള്‍ പങ്കെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കലക്‌ട്രേറ്റും, ജില്ലയിലെ വിവിധ വകുപ്പുകളും നടത്തേണ്ട ക്രമീകരണങ്ങളെ കുറിച്ചും യോഗത്തില്‍ വിശദമായി വിലയിരുത്തി. ജില്ല കലക്‌ടർ ഡോ.ദിവ്യ എസ് അയ്യർ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ഓമല്ലൂർ ശങ്കരൻ എന്നിവർ സംസാരിച്ചു.