കൊല്ലം: ചെറുവള്ളി എസ്റ്റേറ്റിലെ വിമാനത്താവള നിർമാണത്തിന്‍റെ മറവിൽ അനധിക്യത ഭൂമി വിൽപ്പന ക്രമപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വി.ഡി സതീശൻ. ചെങ്ങറ പാക്കേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് അരിപ്പ ഭൂസമരസമിതിയുടെ രാപ്പകൽ സമരം ചൊവ്വാഴ്ച ആരംഭിച്ചിരുന്നു. ഇതിന്‍റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ചെങ്ങറ സമരഭൂമിയിലെ 912 കുടുംബങ്ങൾക്ക് പട്ടയം നൽകി, ബാക്കി വരുന്ന 400 കുടുംബങ്ങളെ കണ്ടെത്താനായില്ല എന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത് ഏത് രേഖകളുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. പാട്ടഭൂമി അനധികൃതമായി കീഴ്‌പാട്ടത്തിന് കൊടുക്കുകയും വിൽക്കുകയും ചെയ്‌ത ഹാരിസൺ കമ്പനിയെ സഹായിക്കുന്ന നിലപാടാണ് ഇടത് സർക്കാർ സ്വീകരിക്കുന്നത്.
ALSO READ: Models death case: സൈജു തങ്കച്ചൻ ലഹരിക്കടിമ, അപകടകാരണം കാർ ചേസിങ്ങെന്ന് കമ്മിഷണർ
10 വർഷം പിന്നിട്ടിട്ടും ചെങ്ങറ പാക്കേജ് നടപ്പാക്കാത്തത് ക്രൂരമായ നടപടിയാണ്. ചെങ്ങറ സന്ദർശിക്കുമെന്നും വിഷയം നിയമസഭയിൽ അവതരിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് പ്രസംഗത്തിൽ പറഞ്ഞു. അരിപ്പ ഭൂസമര നേതാവ് ശ്രീരാമൻ കൊയ്യോന്‍റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, പത്തനംതിട്ട ഡി.സി.സി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പിൽ, ജോർജ് മാമൻ കൊണ്ടുർ, അഡ്വ. കെ സുരേഷ് കുമാർ, സെലീന പ്രക്കാനം തുടങ്ങിയവർ സംസാരിച്ചു.