പത്തനംതിട്ട : ഭാരതീയ സംസ്‌കാരം എന്നത് ഇന്ത്യയുടെ നാലതിരുകൾക്കുള്ളിൽ ഒതുങ്ങുന്ന ഒന്നല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഇന്ന് ലോകത്തെ പ്രധാന പല രാജ്യങ്ങളുടെയും ഭരണാധികാരികൾ ഇന്ത്യൻ വംശജരാണ്. നമ്മുടെ നാട്ടിലെ ചെറുപ്പക്കാർ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിജയക്കൊടി നാട്ടിയത് അധ്യാത്മികതക്കൊപ്പം ഭൗതികതയ്ക്കും മുന്നേറ്റമുണ്ടായതിന്‍റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ഇടതുഭരണത്തിൽ സംസ്ഥാനത്തെ ക്രമസമാധാനം തകർന്നെന്ന് കെ.സുരേന്ദ്രൻ
ചെറുകോൽപ്പുഴയില്‍ ഹിന്ദുമത പരിഷത്തിന്‍റെ 110-ാമത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ നിയന്ത്രിക്കുന്ന വൻകിട സ്ഥാപനങ്ങളുടെ തലപ്പത്തും ഇന്ത്യക്കാരാണ്. ഇത് ഇന്ത്യക്കാരുടെ ബുദ്ധിവൈഭവം ലോകം അംഗീകരിച്ചതിന്‍റെ ഉദാഹരണമാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ പാശ്ചാത്യർ ലോകം കീഴടക്കിയത് ഭൗതിക ശക്തികൊണ്ടാണ്.
എന്നാൽ, ഈ നൂറ്റാണ്ടില്‍ ഭാരതം ലോകത്തിന്‍റെ നെറുകയിലെത്തിയത് അധ്യാത്മികതയെയും ഭൗതികതയെയും സമന്വയിപ്പിച്ചതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. വർക്കല ശിവഗിരി മഠം പ്രസിഡന്‍റ് ശ്രീമദ് സച്ചിതാനന്ദ സ്വാമി അദ്ധ്യക്ഷത വഹിച്ചു. അമൃതപുരി അമൃതാനന്ദമയി മഠത്തിലെ സ്വാമി ജ്ഞാനാമൃതാനന്ദപുരി പ്രഭാഷണം നടത്തി.