പത്തനംതിട്ട: ജലസേചന വകുപ്പിന്‍റെ പമ്പിങ് മോട്ടോര്‍ പട്ടാപ്പകല്‍ മോഷ്‌ടിച്ച് ആക്രിക്കടയില്‍ വിറ്റ കേസില്‍ രണ്ടു പേര്‍ പിടിയില്‍. തിരുവല്ല കോട്ടാങ്ങല്‍ വായ്‌പൂർ പാലത്താനം കോളനി പള്ളിത്താഴെ സന്തോഷ് എന്ന് വിളിക്കുന്ന അനീഷ് കുമാര്‍ (40), കുളത്തൂര്‍ നെടുമ്പാല നെല്ലിമല ടി.ആര്‍ വിനീത്(34) എന്നിവരെയാണ് കീഴ്‌വായ്‌പൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 18 ന് ഉച്ചയ്ക്കായിരുന്നു കേസിനാസ്‌പദമായ സംഭവം. മല്ലപ്പള്ളി-ആനിക്കാട് റൂട്ടില്‍ തീരമല്ലിപ്പടി തേവന്‍കരയിലെ പമ്പ് ഹൗസില്‍ നിന്നാണ് 5 എച്ച് പി പമ്പ് പ്രതികൾ മോഷ്ടിച്ചത്. ഇത് മല്ലപ്പള്ളി മൂശാരിക്കവലയിലുള്ള ആക്രിക്കടയില്‍ ആയിരം രൂപയ്ക്ക് ഇവർ വിൽക്കുകയായിരുന്നു.
ALSO READ: രണ്ടര വയസുകാരിക്കുണ്ടായ ഗുരുതര പരിക്ക് : അമ്മയ്‌ക്കെതിരെ കേസ്
ഇവരുടെ ഇടപെടലിൽ സംശയം തോന്നിയ ആക്രിക്കട ഉടമ പമ്പ് പൊളിച്ച് ആക്രിയാക്കാതെ അതേ പടി സൂക്ഷിച്ചു. പമ്പ് നഷ്‌ടമായത് സംബന്ധിച്ച പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കുറിച്ച് സൂചന ലഭിച്ചു.
തുടർന്ന് തിങ്കളാഴ്‌ച രാവിലെ പത്തരയോടെ കസ്റ്റഡിയില്‍ എടുത്ത പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മോട്ടോര്‍ വിറ്റ ആക്രിക്കടയിലെത്തി പൊലീസ് തൊണ്ടി മുതൽ കണ്ടെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.