പത്തനംതിട്ട : പൊതുമേഖല സ്ഥാപനമായ തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലെ സ്‌പിരിറ്റ് വെട്ടിപ്പില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.
ടാങ്കര്‍ ഡ്രൈവര്‍മാരായ ഇടുക്കി സ്വദേശി സിജോ, തൃശൂര്‍ സ്വദേശി നന്ദകുമാര്‍, ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലെ താത്ക്കാലിക ജീവനക്കാരന്‍ ചെങ്ങന്നൂര്‍ സ്വദേശി അരുണ്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.
പിടിയിലായവർ കേസിലെ ഒന്നു മുതല്‍ മൂന്ന് വരെ പ്രതികളാണ്. ടാങ്കറുകളില്‍ നിന്നും പത്ത് ലക്ഷത്തോളം രൂപയും കണ്ടെത്തി. ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് ക്രമക്കേട് എന്നാണ് സൂചന.
ജനറല്‍ മാനേജര്‍ അലക്‌സ് പി. എബ്രഹാം, മാനേജര്‍ യു. ഷാഹിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘ മുരളി, മധ്യപ്രദേശ് സ്വദേശി അബു എന്നിവരാണ് എക്സൈസ് എഫ്ഐആര്‍ പ്രകാരം നാല് മുതല്‍ ഏഴ് വരെ പ്രതികള്‍. ഇതുമായി ബന്ധപ്പെട്ട കേസ് എക്സൈസ് പൊലീസിന് കൈമാറിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ തിരുവല്ലയ്ക്ക് സമീപം പുളിക്കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലേക്ക് മൂന്ന് ടാങ്കറുകളിൽ കൊണ്ടുവന്ന സ്‌പിരിറ്റിൽ 20,386 ലിറ്റര്‍ സ്‌പിരിറ്റ് മൂന്ന് മുതല്‍ ആറ് വരെ പ്രതികളുടെ അറിവോടെ ഒന്നും രണ്ടും പ്രതികള്‍ ഏഴാം പ്രതിക്ക് വിറ്റെന്നാണ് കേസ്.
Also Read: വർക്കല ബീച്ചിൽ വിദേശ വനിതകൾക്ക് നേരെ മദ്യപസംഘത്തിന്‍റെ ലൈംഗികാതിക്രമം
പ്രതികള്‍ക്കെതിരെ മോഷണത്തിന് കേസെടുത്തു. അറസ്റ്റ് ചെയ്‌ത മൂന്ന് പേരെയും കോടതിയില്‍ ഹാജരാക്കും. എക്‌സ്‌സൈസ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഏഴ് പേരാണ് എഫ്ഐആറില്‍ പ്രതി ചേര്‍ക്കപ്പട്ടിരിക്കുന്നത്.
അന്വേഷണം തുടരുകയാണെന്ന് പുളിക്കീഴ് സിഐ ബിജു വി. നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് ടാങ്കറുകളുടെ കാബിനിലായി സൂക്ഷിച്ചിരുന്ന 9.50 ലക്ഷം രൂപയും എക്‌സൈസ് കണ്ടെടുത്തിട്ടുണ്ട്. ഒരു ടാങ്കറില്‍ നിന്ന് ആറ് ലക്ഷവും മറ്റൊന്നില്‍ നിന്ന് 3.5 ലക്ഷവുമാണ് പിടിച്ചത്.
ഫാക്‌ടറിയിലെ സ്‌പിരിറ്റിന്‍റെ കണക്ക് സൂക്ഷിക്കുന്ന അരുണ്‍ കുമാര്‍ എന്ന ജീവനക്കാരന് കൈമാറാന്‍ കൊണ്ടുവന്ന പണമാണ് ഇതെന്നാണ് ടാങ്കര്‍ ഡ്രൈവര്‍മാര്‍ എക്‌സൈസിന് നല്‍കിയ മൊഴി. ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിൽ ജവാൻ റം ആണ് ഉത്പാദിപ്പിക്കുന്നത്.
രഹസ്യ വിവരം ചുരുളഴിച്ച അഴിമതി
മധ്യപ്രദേശില്‍ നിന്നും ഇവിടേയ്ക്ക് എത്തിക്കുന്ന സ്‌പിരിറ്റിൽ വൻ ക്രമക്കേട് നടക്കുന്നതായി എക്‌സൈസ് സംഘത്തിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ഇവിടേക്ക് ലോഡുമായി എത്തിയ മൂന്ന് ടാങ്കറുകളില്‍ നിന്നായി പത്ത് ലക്ഷത്തോളം രൂപ കണ്ടെത്തിയതിനെ തുടർന്ന് ഡ്രൈവര്‍മാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു.
ജീവനക്കാരന്‍ അരുണിന് കൈമാറാനാണ് പണം എത്തിച്ചതെന്നായിരുന്നു ടാങ്കര്‍ ഡ്രൈവര്‍മാരുടെ മൊഴി. അരുണിനെയും ഡ്രൈവര്‍മാരെയും പിന്നീട് ഒന്നിച്ചിരുത്തി ചോദ്യം ചെയ്‌തപ്പോഴാണ് സ്‌പിരിറ്റ് മറിച്ചുവിറ്റതാണെന്ന് വ്യക്തമായത്.
മധ്യപ്രദേശില്‍ നിന്നും ടാങ്കറില്‍ എത്തുന്ന സ്‌പിരിറ്റാണ് അരുണും ഡ്രൈവര്‍മാരും ചേര്‍ന്ന് മറിച്ചുവിറ്റത്. ലിറ്ററിന് അന്‍പത് രൂപയ്ക്ക് ഈ സ്‌പിരിറ്റ് മധ്യപ്രദേശിലെ കമ്പനിക്ക് തന്നെ മറിച്ചുവില്‍ക്കുകയായിരുന്നു.
അരുണ്‍ കുമാറാണ് ക്രമക്കേടില്‍ ഉന്നതര്‍ക്കുളള പങ്ക് അന്വേഷണ സംഘത്തിന് നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് ജനറല്‍ മാനേജറടക്കം ഏഴ് പേരെ പ്രതി ചേര്‍ത്തത്. വര്‍ഷങ്ങളായി ഈ തട്ടിപ്പ് തുടരുകയാണെന്നാണ് എക്‌സൈസിന് ലഭിച്ചിരിക്കുന്ന വിവരം.
വന്‍തോതില്‍ സ്‌പിരിറ്റ് തട്ടിയെടുത്ത ശേഷം പകരം വെള്ളം ചേര്‍ത്തിരുന്നതായാണ് ലഭിക്കുന്ന വിവരം. ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള ആളാണ് അലക്‌സ് പി. ഏബ്രഹാം എന്നും എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.
വിവരം നേരത്തെ ലഭിച്ചു, പിടികൂടിയത് സൂക്ഷ്‌മ നിരീക്ഷണത്തിലൂടെ
ബെവ്റേജസ് കോര്‍പ്പറേഷന് വേണ്ടി ജവാന്‍ റം നിര്‍മിക്കുന്നതിനായി മധ്യപ്രദേശില്‍നിന്ന് 1,15,000 ലിറ്റര്‍ സ്‌പിരിറ്റ് എത്തിക്കാനുള്ള കരാര്‍ എറണാകുളത്തെ സ്വകാര്യ കമ്പനിക്കാണ് നല്‍കിയിരുന്നത്.
ടാങ്കറുകളില്‍ കൊണ്ടുവരുന്ന സ്‌പിരിറ്റിന്‍റെ അളവില്‍ കുറവുണ്ടെന്ന രഹസ്യ വിവരം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റെ വിഭാഗത്തിന് നേരത്തെ ലഭിച്ചിരുന്നു.
തുടര്‍ന്നാണ് വാളയാര്‍ അതിര്‍ത്തി കടന്നപ്പോള്‍ മുതല്‍ വാഹനങ്ങള്‍ എക്‌സൈസ് നിരീക്ഷിക്കാൻ തുടങ്ങിയത്. ഇന്നലെ പുലര്‍ച്ചയോടെ പുളിക്കീഴിലെ ഫാക്‌ടറിയില്‍ എത്തിയപ്പോഴാണ് ടാങ്കര്‍ ലോറി ഡ്രൈവര്‍മാരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തത്.
40,000 ലിറ്ററിന്‍റെ രണ്ട് ടാങ്കറിലും 35,000 ലിറ്ററിന്‍റെ ഒരു ടാങ്കറിലും നടത്തിയ പരിശോധനയില്‍ 20,000 ലിറ്ററിലധികം സ്‌പിരിറ്റ് കുറവുണ്ടെന്ന് വ്യക്തമായി.
തുടര്‍ന്ന് ലീഗല്‍ മെട്രോളജി വിഭാഗത്തിന്‍റെ മേല്‍നോട്ടത്തില്‍ വേ ബ്രിഡ്‌ജില്‍ ടാങ്കര്‍ ലോറികളുടെ ഭാര പരിശോധനയും നടത്തി.
ലീഗല്‍ മെട്രോളജിയുടെ വിദഗ്‌ധ സംഘത്തിന്‍റെ നേതൃത്വത്തില്‍ സ്‌പിരിറ്റിന്‍റെ കൃത്യമായ അളവെടുക്കും. കേരളത്തില്‍ വാഹനങ്ങള്‍ എത്തുന്നതിന് മുമ്പ്തന്നെ സ്‌പിരിറ്റ് ചോര്‍ത്തി വിറ്റെന്നാണ് എക്‌സൈസ് സംഘത്തിന്‍റെ നിഗമനം.