പത്തനംതിട്ട : വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒന്നേകാൽ ലക്ഷത്തോളം രൂപ വില വരുന്ന മത്സ്യം മോഷ്‌ടിച്ച് കടത്തിയ കേസിൽ 3 പേർ അറസ്റ്റിൽ. അടൂർ പന്നിവിഴ പുലികണ്ണാൽ വീട്ടിൽ ശ്രീജിത്ത് (40), അടൂർ കണ്ണംകോട് ചാവടി തെക്കേതിൽ വീട്ടിൽ മണി എന്നുവിളിക്കുന്ന അനിൽകുമാർ (43), പന്നിവിഴ മംഗലത്ത് വീട്ടിൽ വിഷ്‌ണു (29) എന്നിവരാണ് അറസ്റ്റിലായത്. അടൂർ നഗരത്തിലെ കണ്ണങ്കോട് കൊച്ചയ്യത്ത് നസറുദ്ദീൻ റാവുത്തറുടെ ഫിഷ് സ്റ്റാളിൽ നിന്നാണ് ഈ മാസം 12ന് പുലർച്ചെയോടെ മോഷണം നടന്നത്.
അടൂർ സെൻട്രൽ ജങ്‌ഷന് സമീപം അടൂർ-തട്ട റോഡിലെ മുൻസിപ്പാലിറ്റിയുടെ കീഴിലുള്ള മാർക്കറ്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കടയിൽ നിന്നാണ് മത്സ്യം കടത്തിയത്. നെയ്‌മീൻ, വറ്റ, കേര ഉൾപ്പടെ വിവിധ ഇനത്തിലുള്ള മത്സ്യങ്ങളാണ് പ്രതികൾ മോഷ്‌ടിച്ചത്. ഉടമയായ നസറുദ്ദീൻ കടമുറി വാടകയ്‌ക്കെടുത്ത് വർഷങ്ങളായി പച്ചമീൻ കച്ചവടം നടത്തി വരികയാണ്.
പൊലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന്, കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിരുന്നു. സമീപത്തെ വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ എന്നിവയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തെ തുടർന്ന് മത്സ്യം കടത്തിയ ഓട്ടോറിക്ഷ തിരിച്ചറിഞ്ഞു. തുടർന്ന് ശ്രീജിത്തിനെയും, അനിലിനെയും കസ്റ്റഡിയിലെടുത്തു. ഇതറിഞ്ഞ്, ഒളിവിൽ പോയ വിഷ്‌ണുവിനെ ഇന്നലെ രാത്രിയോടെ ഇളമണ്ണൂരിൽ നിന്ന് പിടികൂടുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ശ്രീജിത്തും, അനിലും അടൂർ പൊലീസ് സ്റ്റേഷന് കീഴില്‍ നിരവധി കേസുകളിൽ പ്രതികളാണ്. അടൂർ ഡിവൈഎസ്‌പി ആർ. ജയരാജിന്‍റെ നിർദേശപ്രകാരം, അടൂർ പൊലീസ് ഇൻസ്‌പെക്‌ടർ എസ് ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ വലയിലാക്കിയത്. അടൂർ എസ്‌ഐ എം മനീഷ്, സിപിഒമാരായ സൂരജ് ആർ കുറുപ്പ്, ശ്യാം കുമാർ, അനസ് അലി എന്നിവരും സംഘത്തിലുണ്ടായിരുന്നു. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. പ്രതികളിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ കോടതിക്ക് കൈമാറി.
ALSO READ : പൊലീസിനെ കണ്ട് ആറ്റിൽ ചാടി, നീന്തി മറുകരെയെത്തിയപ്പോൾ മുന്നിൽ പൊലീസ്; മോഷ്‌ടാവ് പിടിയിൽ
വിവിധ ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തുന്ന മാത്തുക്കുട്ടി മത്തായി കഴിഞ്ഞ ദിവസം ആറന്മുള പൊലീസിന്‍റെ പിടിയിലായിരുന്നു. ചോറ്റാനിക്കരയിലെ ഒരു ക്ഷേത്രത്തിലെ കാണിക്കവഞ്ചി തുറന്ന് പണം മോഷ്‌ടിച്ച് മടങ്ങുന്ന വഴിയാണ് പ്രതി പിടിയിലായത്. മോഷ്‌ടിച്ച പണം ചാക്കിലാക്കിയാണ് കൊണ്ടുപോയിരുന്നത്. തുടർന്ന് കോഴഞ്ചേരിയിലെ ഒരു കടയിൽ നിന്ന് വാങ്ങിയ ബാഗിലേക്ക് പണം മാറ്റുന്നതിനിടെ ഇയാളെ പൊലീസ് വളയുകയായിരുന്നു.
എന്നാൽ പൊലീസിന്‍റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ പ്രതി സമീപത്തെ പാമ്പയാറ്റിലേക്ക് എടുത്തുചാടി അക്കരേയ്ക്ക് നീന്തി. തുടർന്ന് പൊലീസ് സംഘം റോഡിലൂടെ പമ്പയാറിന്‍റെ മറുകരയിലെത്തി മോഷ്‌ടാവിനെ പിടികൂടുകയായിരുന്നു. നോട്ടുകളും നാണയങ്ങളുമടക്കം ഇയാളിൽ നിന്ന് 8,588 രൂപ കണ്ടെടുത്തിരുന്നു.