പത്തനംതിട്ട : ഉടുമ്പിനെ കൊന്ന് മാംസം പാചകം ചെയ്ത് കഴിച്ച മൂന്ന് പേർ പിടിയിൽ. കൊടുമുടി വനത്തില്‍ നിന്നാണ് ഇവര്‍ ഉടുമ്പിനെ പിടികൂടിയത്. മാംസം പാചകം ചെയ്തു കഴിക്കുന്നതിനിടെയാണ് മൂന്നംഗ സംഘത്തെ വനപാലകർ അറസ്റ്റുചെയ്‌തത്.
വടശ്ശേരിക്കര കൊടുമുടി രേഷ്മാലയത്തില്‍ എം.ആര്‍ രാധാകൃഷ്‌ണന്‍ (46), കൊടുമുടി മുരുപ്പേല്‍ എം.കെ അനു (36), മീന്‍കുഴി മാമ്പറ്റയില്‍ സജി ആനന്ദന്‍(49) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്‌ച വൈകുന്നേരമാണ് ഇവര്‍ കൊടുമുടി വനത്തില്‍ വെച്ച് വേട്ടനായയെ ഉപയോഗിച്ച് ഉടുമ്പിനെ പിടികൂടിയത്.
ALSO READ: 30 കോടി വിലമതിക്കുന്ന തിമിംഗല ഛർദ്ദി പിടികൂടി ; തളിപ്പറമ്പില്‍ രണ്ടുപേര്‍ അറസ്റ്റില്‍
ബുധനാഴ്ച രാവിലെ രാധാകൃഷ്‌ണന്‍റെ വീട്ടില്‍ മാംസം പാകം ചെയ്യുമ്പോഴാണ് വനപാലകര്‍ എത്തി മൂന്നു പേരെയും അറസ്‌റ്റ് ചെയ്‌തത്. നാലാം പ്രതി സുനില്‍ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചു.
വടശ്ശേരിക്കര ഡെപ്യൂട്ടി റെയ്ഞ്ചര്‍ ആര്‍. വിനോദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചിറ്റാര്‍ ഡെപ്യൂട്ടി റെയ്ഞ്ചര്‍ കെ.സുനില്‍, എസ്.എഫ്.ഒ കെ. അശോകന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്.
ALSO READ: നൂറുകോടി പ്രതിരോധം ; വാക്‌സിന്‍ കുത്തിവയ്‌പ്പില്‍ നിര്‍ണായക നാഴികക്കല്ല്