പത്തനംതിട്ട: കുടുംബാംഗങ്ങൾ തമ്മിൽ നിലനിന്നിരുന്ന വസ്‌തു തർക്കം പരിഹരിക്കാനെത്തിയ എസ്ഐയെയും നഗരസഭ കൗൺസിലറെയും കയ്യേറ്റം ചെയ്ത് യുവതി. പത്തനംതിട്ടയിലെ തിരുവല്ല നഗരസഭ പതിനൊന്നാം വാർഡിലാണ് സംഭവം.
തിരുവല്ല കറ്റോട് കളപുരയ്ക്കല്‍ വീട്ടില്‍ അമ്മാളുവാണ് വാര്‍ഡ് കൗണ്‍സിലര്‍ ജേക്കബ് ജോര്‍ജ് മനയ്ക്കല്‍, തിരുവല്ല സ്റ്റേഷനിലെ എസ്‌ഐ രാജന്‍ എന്നിവരുമായി കയ്യാങ്കളിയിലേര്‍പ്പെട്ടത്. അയൽക്കാർ മൊബൈലിൽ പകർത്തിയ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അമ്മാളുവും ഭര്‍തൃസഹോദരി രജനിയും തമ്മില്‍ വസ്‌തു തർക്കം നിലനിന്നിരുന്നു. ഇരുവരുടെയും ഭർത്താക്കന്മാർ മരിച്ചതിനാല്‍ കുടുംബ വസ്‌തു വീതം വച്ചപ്പോഴുണ്ടായ തർക്കം രമ്യമായി പരിഹരിക്കാനാണ് കൗൺസിലറും എസ്ഐയും എത്തിയത്.
ഇരുവരും കാര്യങ്ങൾ വിശദീകരിക്കുന്നതിനിടെ പ്രകോപിതയായ അമ്മാളു കൗൺസിലറെ അക്രമിക്കാനടുത്തു. ഇത് തടയാൻ ശ്രമിച്ച എസ്ഐയെ ഇവർ ബലം പ്രയോഗിച്ച് തള്ളി താഴെയിടുന്നത് ദൃശ്യങ്ങളിലുണ്ട്. ഇതിനുശേഷം കൗണ്‍സിലറെ കയ്യേറ്റം ചെയ്യുകയും കല്ലെറിയുകയും ചെയ്‌തു.
കൗൺസിലർ സ്ഥലത്ത് നിന്നും ജീവരക്ഷാർഥം ഓടി രക്ഷപ്പെടുകയായിരുന്നു. കൗണ്‍സിലറെയും എസ്ഐയെയും ആക്രമിച്ചെന്ന് കാണിച്ച് അമ്മാളുവിനെതിരെ പൊലീസ് കേസെടുത്തു.
Also read: മാനസയുടെ മരണം ദുഃഖിതനാക്കി; യുവാവ് ആത്മഹത്യ ചെയ്തു