പത്തനംതിട്ട: മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തില്‍ മോഷണത്തിന് ശ്രമിക്കുന്നതിനിടെ പിടിയിലായ ഇറാനിയന്‍ പൗരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തിരുവല്ല പൊലീസ് സ്റ്റേഷൻ താൽക്കാലികമായി അടയ്ക്കാൻ സാധ്യത. ഇറാൻ പൗരനായ ഹാദി അബ്ബാസി കഴിഞ്ഞ 22നാണ് പിടിയിലായത്. തിരുവല്ലയിലെ അഹല്യ മണി എക്സ്ചേഞ്ചിലായിരുന്നു മോഷണ ശ്രമം. പിടിയിലായതിന് ശേഷം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഹാദി അബ്ബാസിയുടെ സ്രവ പരിശോധനാഫലം ഇന്നാണ് പുറത്തുവന്നത്.
അബ്ബാസിയെ ചോദ്യം ചെയ്‌ത തിരുവല്ല ഡിവൈ.എസ്.പിയും സി.ഐയും അടക്കം റോയിലെയും ഐബിയിലെയും ഉന്നത ഉദ്യോഗസ്ഥർ, ഫോറൻസിക് ഉദ്യോഗസ്ഥർ, തിരുവല്ല സ്റ്റേഷനിലെ പൊലീസുകാർ എന്നിവരുടെ സ്രവങ്ങൾ പരിശോധിക്കാൻ നടപടികൾ ആരംഭിച്ചതായി നോഡൽ മെഡിക്കൽ ഓഫിസർ ഡോ. മാമ്മൻ പി. ചെറിയാൻ പറഞ്ഞു.