പത്തനംതിട്ട: നാല് വാർഡുകളിൽ കൊവിഡ് സ്ഥിരീകരിച്ചതിന്‍റെ പേരിൽ തിരുവല്ല നഗരസഭയിലെ മുഴുവൻ വാർഡുകളും കണ്ടെയ്‌ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച ജില്ലാ ഭരണകൂടത്തിന്‍റെ നടപടി വിവാദമാകുന്നു. ജില്ലാ ഭരണകൂടത്തിന്‍റെ നടപടിക്കെതിരെ എം.എൽ.എ അടക്കമുള്ളവർ രംഗത്തെത്തി.
നഗരസഭയിലെ 5, 7, 8, 3, 4 വാർഡുകളിൽ ഓരോ ആൾ വീതം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നാല് വാർഡുകൾ കണ്ടെയ്‌ന്‍മെന്‍റ് സോണായി പ്രഖ്യാപിക്കണമെന്നാണ് ആരോഗ്യ വകുപ്പ് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടത്. എന്നാൽ നഗരസഭയിലെ 39 വാർഡുകളും കണ്ടെയ്‌ന്‍മെന്‍റ് സോണായി പ്രഖ്യാപിക്കുകയായിരുന്നു. ഈ നടപടിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സമൂഹ വ്യാപനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നഗരസഭാ പരിധി മുഴുവൻ കണ്ടെയ്ന്റ്മെന്റ് സോണായി പ്രഖ്യാപിച്ചതെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്.
ചണ്ടനാശ്ശേരി മത്സ്യ മാർക്കറ്റിൽ നിന്നും മത്സ്യം എത്തിച്ച് നഗരസഭയിലെ വിവിധ ഭാഗങ്ങളിലായി കച്ചവടം ചെയ്യുന്ന മത്സ്യ വ്യാപാരിക്കടക്കം കൊവിഡ് സ്ഥിരീകരിച്ചതടക്കമുള്ള ആശങ്കയാണ് നഗരസഭ പൂർണ്ണമായും അടക്കാൻ ഇടയാക്കിയിരിക്കുന്നത്.
പോസിറ്റീവ് കേസുകൾ കണ്ടെത്തിയ സ്ഥലങ്ങളിൽ നിന്നും 10 കിലോമീറ്റർ വരെ അകലങ്ങളിലുള്ള വാർഡുകളും അടച്ചിടണമെന്ന ഉത്തരവ് അല്പം കടന്നതായിപ്പോയി എന്ന ആരോപണമാണ് എം.എൽ.എ മാത്യു ടി തോമസ് പ്രധാനമായും ഉയർത്തുന്നത്. കഴിഞ്ഞ ഒരാഴ്ച്ചക്കാലം മുഴുവൻ അടഞ്ഞു കിടന്ന കടകൾ തുന്നതിന് പിന്നാലെ വീണ്ടും അടച്ചിടേണ്ടി വരുന്നത് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും അസൗകര്യമുണ്ടാക്കുമെന്നും ഉത്തരവ് പുനപരിശോധിക്കുവാൻ ജില്ലാ ഭരണകൂടം തയാറാകണമെന്നും മാത്യു ടി തോമസ് ആവശ്യപ്പെട്ടു.