പത്തനംതിട്ട: തിരുവല്ലയില്‍ സിപിഎം നേതാവ് സന്ദീപ് കുമാറിന്‍റെ കൊലപാതകത്തില്‍ നാല് പ്രതികള്‍ പിടിയിലായി. തിരുവല്ല ചാത്തങ്കരി കണിയാംപറമ്പിൽ ജിഷ്ണു (23), ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പിൽ പ്രമോദ് (23), കാവുംഭാഗം വേങ്ങല്‍ നന്ദു ഭവനില്‍ നന്ദു (24), കണ്ണൂര്‍ ചെറുപുഴ മരുത്തംപടി കുന്നില്‍ വീട്ടില്‍ മുഹമ്മദ് ഫൈസല്‍ (22) എന്നിവരാണ് പിടിയിലായത്. സംഭവശേഷം ബൈക്കില്‍ രക്ഷപ്പെട്ട ആദ്യ മൂന്നു പ്രതികളെ ഇന്ന് പുലര്‍ച്ചെയോടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച ആലപ്പുഴ കരുവാറ്റിയില്‍ നിന്നാണ് പിടികൂടിയത്.
മുഖ്യപ്രതി ജിഷ്ണു ആര്‍എസ്‌എസ് പ്രവര്‍ത്തകനാണ്. പ്രമോദ്, നന്ദു, ഫൈസല്‍ എന്നിവര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് പറയുന്നു. ക്വട്ടേഷന്‍ സംഘമാണ് കൃത്യം നടത്തിയതെന്നാണ് സൂചന. പ്രതികളെ തിരുവല്ല പുളിക്കീഴ് പൊലീസ് സ്റ്റേഷനിലെത്തിച്ചു.
അഞ്ചു പ്രതികളാണ് അക്രമിസംഘത്തില്‍ ഉള്‍പ്പെട്ടതെന്ന് പൊലീസ് പറയുന്നു. മറ്റൊരു പ്രതിയായ വേങ്ങല്‍ സ്വദേശി അഭിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.
പെരിങ്ങര ലോക്കല്‍ സെക്രട്ടറിയും മുന്‍ പഞ്ചായത്ത് അംഗവുമായ പി.ബി സന്ദീപ് കുമാറിനെ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് കൊലപ്പെടുത്തിയത്. നെടുമ്പ്രം ചാത്തങ്കരിമുക്കിന് അരക്കിലോമീറ്റര്‍ മാറിയുള്ള കലുങ്കിനടുത്താണ് ആക്രമണമുണ്ടായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ പിന്നാലെ മൂന്ന് ബൈക്കുകളിലെത്തിയ അക്രമി സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.
കഴുത്തിലും നെഞ്ചിലും കുത്തേറ്റ് പ്രാണരക്ഷാര്‍ഥം സമീപത്തെ വയലിലേക്ക് ചാടിയ സന്ദീപിനെ പുറകേയെത്തിയ അക്രമി സംഘം മാരകമായി വെട്ടിപ്പരിക്കേല്‍പിച്ചു. നിലതെറ്റി റോഡില്‍ വീണ് എഴുന്നേല്‍ക്കുന്നതിനിടെ കുത്തിവീഴ്‌ത്തി. നെഞ്ചത്തും പുറത്തുമായി നിരവധി കുത്തേറ്റു.
കൈയ്‌ക്കും കാലിനും വെട്ടുണ്ട്. കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ കടന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു.
അതേസമയം സന്ദീപ് കുമാറിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിരുവല്ലയില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. തിരുവല്ല നഗരസഭ, നിരണം, കടപ്ര, നെടുമ്പ്രം, പെരിങ്ങര, കുറ്റൂര്‍ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. വെള്ളിയാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താൽ. വലിയ പൊലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.