പത്തനംതിട്ട: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി.ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സന്ദീപ് വധം രാഷ്ട്രീയ കൊലപാതകമാണെന്നാണ് പൊലീസ് കണ്ടെത്തല്‍. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികള്‍ സംഘം ചേര്‍ന്ന് ആസൂത്രിതമായാണ് കൊലപാതകം നടപ്പാക്കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
സന്ദീപിനെ എങ്ങനെ കൊല്ലണമെന്ന് ആസൂത്രണം ചെയ്യാന്‍ രണ്ട് മുതല്‍ അഞ്ച് വരെയുള്ള പ്രതികളായ പ്രമോദ്, നന്ദു അജി, മണ്‍സൂര്‍, വിഷ്‌ണു അജി എന്നിവര്‍ക്കായി ഒന്നാം പ്രതി ജിഷ്‌ണു മുത്തൂരിലെ ലോഡ്‌ജില്‍ മുറി എടുത്തു നല്‍കി. ഇവിടെ നിന്നാണ് പ്രതികള്‍ കൃത്യം നടപ്പിലാക്കാന്‍ ചാത്തങ്കരിയിലേക്ക് പോയത്. ഒന്നാം പ്രതിക്ക് മാത്രമാണ് സന്ദീപിനോട് രാഷ്ട്രീയ വൈരാഗ്യമെന്നും മറ്റുള്ളവര്‍ ജിഷ്‌ണുവിനെ സഹായിക്കാന്‍ എത്തിയതാണെന്നും 732 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു.
പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഹരിപ്പാട് സ്വദേശി രതീഷ് അടക്കം ആകെ ആറ് പ്രതികളാണ് കേസിലുള്ളത്. പ്രതികളുടെ കുറ്റസമ്മത മൊഴി അടക്കം 75 രേഖകളാണ് കുറ്റപത്രത്തിനൊപ്പമുള്ളത്. ആകെ 79 സാക്ഷികളാണുള്ളത്. പത്തനംതിട്ട ജില്ല പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ തിരുവല്ല ഡിവൈഎസ്‌പി രാജപ്പന്‍ റാവുത്തറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
Read more: Sandeep Kumar Murder : സന്ദീപ് വധക്കേസില്‍ മുഴുവൻ പ്രതികളും അറസ്റ്റിൽ