പത്തനംതിട്ട: തിരുവല്ല ബൈപ്പാസ് നിർമാണം അന്തിമ ഘട്ടത്തിൽ. എം.സി റോഡിൽ മഴുവങ്ങാട് ചിറയിൽ നിന്നും ആരംഭിച്ച് എം.സി റോഡിലെ രാമൻ ചിറയിൽ അവസാനിക്കുന്ന 2.3 കിലോമീറ്റർ ദൂരം വരുന്ന ബൈപ്പാസ് റോഡിന്‍റെ നിര്‍മാണമാണ് അന്തിമഘട്ടത്തില്‍ എത്തിയിരിക്കുന്നത്. കെ.എസ്.ടി.പിക്കാണ് നിർമാണ ചുമതല. ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന വി.എച്ച്.വി എന്ന കൺസ്‌ട്രക്ഷന്‍ കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.
ബൈപ്പാസ് അവസാനിക്കുന്ന രാമൻ ചിറ ഭാഗത്ത് നിർമിക്കുന്ന ഫ്ലൈ ഓവറിന്‍റെ ജോലികളാണ് പുരോഗമിക്കുന്നത്. ഇതിന്‍റെ ഭാഗമായി മൂന്ന് സ്പാനുകളുടെ ഗർഡറുകൾ സ്ഥാപിച്ചു കഴിഞ്ഞു. ബാക്കിയുള്ള 12 ഗർഡറുകൾ സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി ബെയറിംഗ് സ്ഥാപിക്കുന്നത് അക്കമുള്ള പണികളാണ് പുരോഗമിക്കുന്നത്.
ബി വൺ - ബി ടി ജങ്ഷനില്‍ നിന്നും ആരംഭിച്ച് ടി.കെ റോഡിന് കുറുകെ വൈ.എം.സി.എയ്ക്ക് സമീപം അവസാനിക്കുന്ന ഫ്ലൈ ഓവർ നിർമാണം പൂർത്തിയാക്കി താൽക്കാലികമായി ഗതാഗതത്തിന് തുറന്നു കൊടുത്തിട്ടുണ്ട്. മഴുവങ്ങാട് ചിറ മുതൽ തിരുവല്ല - മല്ലപ്പള്ളി റോഡ് വരെയുള്ള നിർമാണം പൂർത്തിയായി കഴിഞ്ഞു. ബാക്കി വരുന്ന അര കിലോമീറ്ററോളം ഭാഗത്തെ നിർമാണം കൂടിയാണ് ഇനി പൂർത്തിയാകാനുള്ളത്. ജനുവരി മാസത്തോടെ ബൈപ്പാസ് നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വി.എച്ച്.വി പ്രൊജക്ട് ഓഫീസർ ജോസഫ് അജിത്ത് പറഞ്ഞു.