പത്തനംതിട്ട : മൈലപ്രയില്‍ വ്യാപാരി ജോർജ് ഉണ്ണൂണ്ണിയെ കൊലപ്പെടുത്തിയ കേസിൽ മൂന്നാമത്തെ പ്രതിയും പിടിയിൽ (Mylapra Murder Case). പത്തനംതിട്ട കുലശേഖരപതി സ്വദേശിയായ ഓട്ടോ ഡ്രൈവർ ഹാരിബാണ് പിടിയിലായത്. കേസിലെ രണ്ട് പ്രതികളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. തമിഴ്‌നാട് സ്വദേശികളായ മുരുകൻ, ബാലസുബ്രമണ്യൻ എന്നിവരാണ് നേരത്തെ പിടിയിലായത്.
തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ നിന്നാണ് ആദ്യ രണ്ട് പേരെയും പൊലീസ് പിടികൂടിയത്. ഇരുവരെയും ഇന്ന് രാവിലെ പത്തനംതിട്ടയില്‍ എത്തിക്കുകയും ചെയ്‌തിരുന്നു. കേസില്‍ മറ്റൊരാള്‍ക്ക് കൂടി പങ്കുണ്ടെന്നും അത് മലയാളിയാണെന്നും നേരത്തെ പൊലീസിന് സംശയമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഹാരിബിലെത്തിയത്.
മോഷണത്തിനായുള്ള കൊലപാതകത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഹാരിബാണെന്നുള്ള വിവരമാണ് പുറത്ത് വരുന്നത്. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് വ്യാപാരിയെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയതായാണ് ലഭ്യമാകുന്ന വിവരം. സിസിടിവി ദൃശ്യങ്ങള്‍ അടക്കം ഇല്ലാതാക്കി ആസൂത്രിതമായി കൊലപാതകം നടത്തിയത് കൊണ്ട് പ്രതികളെ കണ്ടെത്താന്‍ പൊലീസിന് ഏറെ ബുദ്ധിമുട്ടേണ്ടതായി വന്നു (George Unnunni Murder Case).
കൊലപാതകം നടന്ന ദിവസം ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് ആറ് മണിവരെ സംസ്ഥാന പാതയിലൂടെ കടന്നു പോയ വാഹനങ്ങളുടെ ഡാഷ് ബോര്‍ഡ് കാമറകളില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായകമായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാഹനങ്ങളുടെ ഡാഷ് ബോര്‍ഡ് ക്യാമറ ദൃശ്യങ്ങളിൽ സംശയാസ്‌പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഓട്ടോറിക്ഷയിലേക്കും അന്വേഷണം നീളുകയായിരുന്നു. അന്വേഷണത്തിൽ ഏഴംകുളം തൊടുവക്കാട് സ്വദേശിയുടെ ഓട്ടോ ആണെന്ന് തിരിച്ചറിഞ്ഞു (Pathanamthitta Murder Case).
ഓട്ടോ ഉടമയെ വിളിച്ച് വരുത്തി ചോദ്യം ചെയ്‌തപ്പോള്‍ അയാള്‍ ഓട്ടോ അടൂര്‍ സ്വദേശിക്ക് വിറ്റതാണെന്നും കണ്ടെത്തി. വാഹന വ്യാപാരിയായ അടൂര്‍ സ്വദേശി താന്‍ ഓട്ടോ വിറ്റത് പത്തനംതിട്ട കുലശേഖരപതി സ്വദേശിക്കാണെന്ന് പൊലീസിനോട് പറഞ്ഞു. ഈ നിര്‍ണായക വിവരമാണ് ഹാരിബിലെത്താന്‍ പൊലീസിന് സഹായകരമായത് (Mylapra Murder Case).
തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. മാത്രമല്ല കേസിലെ മറ്റ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചതും ഹാരിബില്‍ നിന്നാണ്. പിടിയിലായ ഓട്ടോ ഡ്രൈവര്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്.
തമിഴ്‌നാട്ടില്‍ വച്ചാണ് ഹാരിബ് മറ്റ് രണ്ട് പ്രതികളെ പരിചയപ്പെടുന്നത്. തുടര്‍ന്ന് മൂവരും ചേര്‍ന്ന് മൈലപ്രയിലെ മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു. മോഷണത്തിനിടെയാണ് വ്യാപാരിയെ കൊലപ്പെടുത്തിയത്.
ഡിസംബര്‍ 30ന് വൈകിട്ടാണ് മൈലപ്രയിലെ മലഞ്ചരക്ക് വ്യാപാരിയായ ജോര്‍ജ് ഉണ്ണൂണ്ണിയെ കടക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈകാലുകള്‍ കൂട്ടിക്കെട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്.
Also Read: മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം; 2 പേര്‍ പിടിയിൽ, മൂന്നാമനായി അന്വേഷണം