പത്തനംതിട്ട : പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ എബിന്റെ മൃതദേഹവും കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന മെറിന്റേയും മെഫിന്റേയും മൃതദേഹങ്ങള്‍ ഇന്നലെ (ഫെബ്രുവരി 18) കണ്ടെടുത്തിരുന്നു. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിൽ 30 അടി താഴ്ചയില്‍ നിന്നാണ് എബിന്റെ മൃതദേഹം കിട്ടിയത്.
ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് തോണ്ടപ്പുറത്ത് രാജുവിന്റേയും ലവ്ലിയുടേയും മകന് എബിന് മാത്യു (24), ചെട്ടികുളങ്ങര പേള മൂന്നുപറയില്‍ മെറിന് വില്ലയില്‍ അനിയന്കുഞ്ഞിന്റേയും ലിജോമോളുടേയും മക്കളായ മെഫിന്‍ (15), മെറിന് (18) എന്നിവര്‍ മാരാമണ്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ വേണ്ടി എത്തിയതായിരുന്നു. ഫെബ്രുവരി 18ന് വൈകിട്ട് പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ മെഫിന്‍ നദിയുടെ മധ്യഭാഗത്തേക്ക് നീന്തുന്നതിനിടെ കയത്തില്‍ താഴ്ന്നുപോയി. ഇതുകണ്ട മെറിനും എബിനും രക്ഷിക്കാനായി ആറ്റിലേക്ക് ചാടിയെങ്കിലും അവരും മുങ്ങിപ്പോവുകയായിരുന്നു.
ALSO READ| പമ്പയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ട് മരിച്ചു ; മറ്റൊരാള്‍ക്കായി തെരച്ചില്‍
എബിന്റെ മൃതദേഹം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. ഇന്ന് രാവിലെ മെറിന്റേയും മെഫിന്റേയും മൃതദേഹം ഇതേ ആശുപത്രിയില്‍ നിന്നും പോസ്റ്റ്മോര്‍ട്ടം ചെയ്തിരുന്നു. ചെട്ടികുളങ്ങരയില്‍നിന്ന് ഇരുചക്രവാഹനങ്ങളിലാണ് സംഘം മാരാമണ്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയത്. കണ്‍വെന്‍ഷന്റെ ഭാഗമായി നടന്ന ബൈക്കുറാലിക്ക് ശേഷമാണ് ഇവര്‍ ആറ്റിൽ കുളിക്കാനിറങ്ങിയത്.