പത്തനംതിട്ട : നാദസ്വര വിദ്വാനാകാൻ പഠിക്കുന്ന മകന് വീട്ടിലിരുന്ന് വായിച്ചു പഠിക്കാൻ സ്വന്തമായി ഒരു നാദസ്വരം വേണമെന്ന് പറഞ്ഞപ്പോൾ പിതാവ് അതിനുള്ള അന്വേഷണത്തിലായി. നാദസ്വര വാദ്യത്തിന്‍റെ നിർമാണ കേന്ദ്രമായ തമിഴ്നാട്ടിലെ തഞ്ചാവൂരും മായാവരത്തും ഒക്കെ വിളിച്ച് കാര്യങ്ങൾ തിരക്കി. എന്നാൽ നാദസ്വരത്തിന്‍റെ വില താങ്ങാനാവുന്നതിലും കൂടുതലായിരുന്നു.
തുച്ഛവരുമാനത്തിൽ കുടുംബം മുന്നോട്ട് കൊണ്ടുപോകുന്ന ഓമല്ലൂർ സ്വദേശി ശിവപ്രസാദിന് മകൻ ശരത് പ്രസാദിന്‍റെ ആഗ്രഹം സാധിച്ചു നൽകാനാകാത്തതിന്‍റെ സങ്കടവും. എന്തു കൊണ്ടു സ്വന്തമായി ഒന്നു നിർമിച്ചുകൂടാ എന്ന ആശയം കാർപെന്‍ററായ ശിവപ്രസാദിന്‍റെ മനസിലുദിച്ചു. പിന്നെ അതിനായുള്ള കഠിന ശ്രമങ്ങളായി.
നാദസ്വരത്തിന്‍റെ നിർമാണം
അതിപ്പോൾ വിജയം കണ്ടതിന്‍റെ സന്തോഷത്തിലാണ് ശിവപ്രസാദിന്‍റെ കുടുംബം. ഐടിഐ പഠനത്തിനൊപ്പം നാദസ്വരവും അഭ്യസിക്കുന്ന മകൻ ശരത് പ്രസാദിനായി ഒന്നല്ല അഞ്ച് നാദസ്വരങ്ങളാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ശിവപ്രസാദ് കൈകൊണ്ടു കടഞ്ഞെടുത്തത്. ആദ്യം നിർമിച്ച രണ്ടെണ്ണം പ്രശസ്ത നാദസ്വര വിദ്വാന്മാരായ ഓമല്ലൂർ ബ്രദേസ് ചന്ദ്രൻ, ക്ഷേത്ര കലാപീഠം ഓമല്ലൂർ സുജിത് എന്നിവർക്ക് നൽകി.
ഓമല്ലൂർ ശ്രീ രക്തകണ്ഠ സ്വാമി ക്ഷേത്ര നടയിൽ വച്ച് ശിവപ്രസാദിനെ ഒപ്പം നിർത്തി ' ശബരിമലയിൽ തങ്ക സൂര്യോദയം..' എന്ന ഗാനം നാദസ്വരത്തിലൂടെ വായിച്ചു. നാദ സ്വരത്തിലൂടെ ഒഴുകി വന്ന സ്വരമാധുരിയിൽ ലയിച്ചു ശിവപ്രസാദും നിന്നു. തഞ്ചാവൂരിൽ നിന്നും എത്തുന്ന നാദസ്വര വാദ്യത്തിന്‍റെ അതേ മികവാണ് ശിവപ്രസാദ് നിർമിച്ച നാദ സ്വരത്തിനുമെന്ന് ഓമല്ലൂർ ബ്രദേഴ്സും പറയുന്നു.
നിർമാണം മഹാഗണിയിൽ
സ്വപ്നം യാഥാർഥ്യമായ സന്തോഷത്തിലാണ് ശിവപ്രസാദിനൊപ്പം നാട്ടുകാരും. ആദ്യം തേക്കിൻ തടിയിൽ നിർമിച്ചതിന് ഭാരകൂടുതൽ ആയതിനാൽ പിന്നീടുള്ള മൂന്നെണ്ണം മഹാഗണിയിലാണ് തീർത്തത്. തമിഴ്നാട്ടിൽ ഇതു ആച്ചാമരം എന്ന തടിയിലാണ് നിർമിക്കുന്നത്.
ചന്ദന തടിയിലും കുങ്കുമ തടിയിലും ഇവ നിർമിക്കും. ആച്ചാമരം എന്ന തടി കേരളത്തിൽ കിട്ടില്ലെന്ന് ശിവപ്രസാദ് പറയുന്നു. ഒരു യന്ത്രത്തിന്‍റെയും സഹായമില്ലാതെ കൈകൊണ്ടാണ് ഈ സുഷിരവാദ്യം ശിവപ്രസാദ് മനോഹരമായി ഉളികളിൽ കൊത്തിയെടുത്തത്.
മകന്‍റെ പഠനത്തിനായി നിർമിച്ച നാദസ്വരം ജീവിത മാർഗം കൂടിയാക്കാൻ ഒരു ചെറുകിട സംരംഭമായി തുടങ്ങാനുള്ള ആലോചനയിലാണ് ഭാര്യ ശ്രീദേവി ഉൾപ്പെടുന്ന ശിവപ്രസാദിന്‍റെ കുടുംബം.