പത്തനംതിട്ട : അനധികൃതമായി തമിഴ്‌നാട്ടിലേക്ക് കടത്താൻ ശ്രമിച്ച എട്ട് ലക്ഷത്തോളം രൂപ വിലവരുന്ന തേക്ക് തടികള്‍ പിടികൂടി. തടി ലോറിയുമുൾപ്പെടെയാണ് പത്തനംതിട്ടയിൽ നിന്നുള്ള വനപാലക സംഘം ശാസ്‌താംകോട്ടയിൽ നിന്നും പിടികൂടിയത്. ഡ്രൈവർ കൊല്ലം കിളിവല്ലൂര്‍ പേരൂര്‍ കല്ലുവിള വീട്ടില്‍ നിസാമുദ്ദീനെയും വനപാലക സംഘം കസ്റ്റഡിയിലെടുത്തു.
ഡ്രൈവർ നൽകിയ മൊഴി അനുസരിച്ച് ഉടമ കരുനാഗപ്പള്ളി പടനായര്‍ കുളങ്ങര കണ്ണന്‍റയ്യത്ത് തറയില്‍ സജീറിനെയും പ്രതിചേര്‍ത്താണ് കേസെടുത്തത്. ഇന്ന് (മെയ് 25) പുലര്‍ച്ചെ രണ്ടോടെയാണ് ശാസ്‌താംകോട്ട തേവലക്കര പുത്തന്‍സങ്കേതത്തിന് സമീപത്ത് വച്ച് തേക്കിൻ തടികള്‍ പിടികൂടിയത്. പാസില്ലാതെ ലോറിയില്‍ കടത്തുകയായിരുന്ന എട്ട് ലക്ഷം രൂപ വിലമതിക്കുന്ന തടികൾ കുമ്മണ്ണൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലക സംഘമാണ് പിടികൂടിയത്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ഡി. സുന്ദരന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എസ്. മുഹമ്മദ് കുഞ്ഞ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ശശിധരന്‍ നായര്‍, എന്‍.സി ഷിബു, എ. ശ്വേത, അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് തടിലോറി പിടികൂടിയത്.