പത്തനംതിട്ട: ഗതാഗത നിയമലംഘനങ്ങൾ ഉൾപ്പെടെ തടയാൻ ജില്ലയിലെ പ്രധാന നിരത്തുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നു. മോട്ടര്‍ വാഹന വകുപ്പിന്‍റെ സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്താകെ ക്യാമറകള്‍ സ്‌ഥാപിക്കുന്നതിന്‍റെ ഭാഗമായാണ് ജില്ലയിലും ക്യാമറകൾ സ്ഥാപിക്കുന്നത്. ഒന്നാം ഘട്ടമായി പ്രധാന പാതകളില്‍ 35 നിരീക്ഷണ ക്യാമറകളാണ് സ്ഥാപിക്കുന്നത്.
കെല്‍ട്രോണിനാണ് ക്യാമറകള്‍ സ്ഥാപിക്കുന്നതിന്‍റെയും തുടര്‍ പ്രവര്‍ത്തനങ്ങളുടെയും ചുമതല. ഹെല്‍മറ്റില്ലാ യാത്ര, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്ര, അമിതവേഗം എന്നിവയെല്ലാം കണ്ടെത്തി നടപടി സ്വീകരിക്കും. ക്യാമറകളില്‍ പതിയുന്ന നിയമ ലംഘനങ്ങള്‍ മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്‍റ് വിഭാഗത്തിന്‍റെ തിരുവനന്തപുരം സെന്‍ട്രല്‍ സെര്‍വര്‍ കണ്‍ട്രോള്‍ റൂമില്‍ ശേഖരിക്കും.
തുടർന്ന് ജില്ലാതല കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറി വാഹന ഉടമകള്‍ക്ക് പിഴ അടയ്‌ക്കാനുള്ള നോട്ടീസ് തപാലില്‍ അയയ്‌ക്കും. വാഹനത്തിന്‍റെ ചിത്രം, തീയതി, സമയം, സ്ഥലം, നിയമ ലംഘനം എന്നിവയെല്ലാം വ്യക്‌തമാക്കിയുള്ളതായിരിക്കും നോട്ടീസ്.
Also Read: വധഗൂഢാലോചനക്കേസിൽ ഇടക്കാല ഉത്തരവ്; തിങ്കളാഴ്‌ച തന്നെ ഫോണുകൾ ഹാജരാക്കണമെന്ന് ഹൈക്കോടതി